ചർച്ച് ബില്ല് അംഗീകരിക്കരുതെന്ന് കാതോലിക്കാ ബാവ, നിയമം സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകി ഗവർണർ
കോട്ടയം: സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുള്ള ചർച്ച് ബില്ലിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. സുപ്രീംകോടതി വിധിക്ക് മുകളിൽ ഏതെങ്കിലും നിയമം കേരള സർക്കാർ കൊണ്ടുവന്നാൽ അത് അംഗീകരിക്കരുതെന്ന് കാതോലിക്കാ ബാവ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് അഭ്യർത്ഥിച്ചു. മന്ത്രിമാരായ വീണാ ജോർജും വി.എൻ.വാസവനും വേദിയിലിരിക്കെയാണ് ഗവർണറോടുള്ള ബാവയുടെ അഭ്യർത്ഥന.
എല്ലാ സമാധാന ചർച്ചകൾക്കും സഭ തയ്യാറാണ്. എന്നാൽ സഭയുടെ അസ്തിവാരം തകർക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ല. ചർച്ച് ബിൽ കൊണ്ടുവന്ന് സഭയുടെ തനിമ തകർക്കാമെന്ന് കരുതുന്നവർ മൂഢ സ്വർഗത്തിലാണ്. വേട്ടക്കാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുതെന്നും കാതോലിക്കാ ബാവ പറഞ്ഞു
നിയമം അനുസരിക്കാൻ ഞാനടക്കം എല്ലാവരും ബാദ്ധ്യസ്ഥരാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മറുപടി നൽകി. നിയമത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും അത് പാലിക്കുമെന്ന് ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.