ബട്ടത്തൂരിൽ ഒരു 'രാജമാണിക്യം', ഒന്നര ഏക്കർ ഫാം നിറയെ ഹരിയാന പോത്തുകളുമായി ശൈലേഷ് കൃഷ്ണൻ

Monday 26 February 2024 12:00 AM IST

കാസർകോട് : നാട്ടുകാരുടെ 'രാജമാണിക്യ"മാണ് ശൈലേഷ് കൃഷ്ണൻ. ബട്ടത്തൂരിലെ ഒന്നര ഏക്കർ ഫാം നിറയെ വിവിധ പ്രായത്തിലുള്ള ഹരിയാന പോത്തുകൾ. ചെറുപ്പക്കാർ വൈറ്റ് കോളർ ജോലിക്കായി അലയുമ്പോൾ സി.എ പഠനം നിറുത്തിയാണ് ഈ 29കാരൻ 'പോത്ത്ജീവിതം" തുടങ്ങിയത് . ഹരിയാനയിൽ നിന്ന് 'മുറ ബ്രീഡ്' പോത്തുകിടാവുകളെ എത്തിച്ച് വളർത്തി വിൽക്കുന്ന പനയാൽ മുനിക്കൽ ബട്ടത്തൂരിലെ ശൈലേഷ് കൃഷ്ണൻ നേടുന്നത് ലക്ഷങ്ങളാണ്. ബേക്കൽ ലൈവ് സ്റ്റോക്ക് മാർക്കറ്റ് എന്നാണ് ഫോത്ത് ഫാമിന്റെ പേര്.

കർണ്ണാടക, ആന്ധ്ര പോത്തുകളെക്കാൾ വളർച്ച കൂടും ഹരിയാനയിലെ മുറ ബ്രീഡിന്. മുന്നിലോട്ട് വളഞ്ഞു ചുരുണ്ടു നിൽക്കുന്ന ഇവയുടെ കൊമ്പുകൾക്കുമുണ്ട് പ്രത്യേക ചന്തം. ദിവസം ഒന്നരക്കിലോ തൂക്കം വയ്ക്കുംവിധമാണ് തീറ്റനൽകുന്നത്. പുല്ല്, പച്ചക്കറി വേസ്റ്റ് എന്നിവയും കാലിതീറ്റയും നൽകും. തണുപ്പാണ് ഇഷ്ടം. ഫാമിനുള്ളിൽ കുളവുമുണ്ട്.

ഹരിയാനയിലെ വീടുകളിലും ഫാമുകളിലും ചുറ്റിക്കറങ്ങി ശൈലേഷ് വാങ്ങുന്ന ഒരു വയസ് പ്രായമുള്ള പോത്തുകളെ കണ്ടയ്നർ ലോറികളിലാണ് നാട്ടിലെത്തിക്കുന്നത്. പോത്തുകളെ സൂക്ഷിക്കാൻ രാജസ്ഥാൻ അതിർത്തിയിലെ പുഷ്ക്കറിൽ ശൈലേഷ് ഫാം തുടങ്ങിയിട്ടുണ്ട്. ഇവിടെ എത്തിച്ചാണ് കേരളത്തിലേക്കുള്ള വാഹനത്തിൽ കയറ്റുന്നത്. പതിനായിരം രൂപ നൽകി വാങ്ങുന്ന ഒരു വയസുള്ള പോത്തിനെ നാട്ടിൽ എത്തിക്കാൻ അതിന്റെ ഇരട്ടിയേക്കാൾ ചെലവു വരും. ഒരു ലോഡിൽ 45 എണ്ണമാണ് വരിക. 30,000 കിലോമീറ്റർ ദൂരം, അഞ്ച് ദിവസത്തെ യാത്ര. 2.30 ലക്ഷം രൂപ ലോറി വാടക. അതിർത്തികളിലെ ഗുണ്ട, ഉദ്യോഗസ്ഥ, ചെക്ക് പോസ്റ്റ് പിരിവുകൾ വേറെ. ഒരു വയസ് പ്രായമായ പോത്തുകളെ കേരളത്തിലാണ് ഏറെയും വിൽക്കുന്നത്.

വഴിത്തിരിവ് ഇഹലാമുദ്ദീൻ

ശൈലേഷ് കൗമാരത്തിലേ കൃഷിയിലും മൃഗപരിപാലനത്തിലും ശ്രദ്ധ പുലർത്തിയിരുന്നു.ബികോം കഴിഞ്ഞ് സി.എക്ക് പഠിക്കുമ്പോൾ തിരുവനന്തപുരം ബലരാമപുരത്ത് ഫാം നടത്തുന്ന ഇഹലാമുദ്ദീനെ യൂട്യൂബിലൂടെ പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. സി.എ പഠനം നിറുത്തി ഇഹലാമുദ്ദീനൊപ്പം ആടുകളെ കൊണ്ടുവരാൻ ഹരിയാനയിലേക്ക് ട്രെയിൻ കയറി. ഇരുവരും കച്ചവടത്തിൽ ഒരുമിച്ചു. നാലു വർഷം മുമ്പ് സ്വന്തമായി കച്ചവടം തുടങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ എല്ലാ സർട്ടിഫിക്കറ്റുകളും ഉണ്ടെങ്കിലും ഇതുവരെ സർക്കാരിന്റെ അനുകൂല്യത്തിനോ വായ്പക്കോ ഒന്നും പോയിട്ടില്ല. 200 പശുക്കളെ വളർത്തുന്ന അഞ്ച് കോടി രൂപയുടെ ഹൈടെക്ക് ഫാം തുടങ്ങാനുള്ള ശ്രമത്തിലാണ് ശൈലേഷ്, ബട്ടത്തൂരിലെ കെ. വി. കൃഷ്ണന്റെയും പാലക്കുന്നിലെ സരള കുമാരിയുടെയും മകനാണ്.

Advertisement
Advertisement