ഗോവയെ ഗോള്‍മഴയില്‍ മുക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്, രണ്ട് ഗോള്‍ പിന്നില്‍ നിന്ന ശേഷം കൊമ്പന്‍മാരുടെ തകര്‍പ്പന്‍ തിരിച്ചുവരവ്

Sunday 25 February 2024 10:04 PM IST

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ വഴങ്ങിയ ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. ശക്തരായ ഗോവയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചു കയറിയത്. ബ്ലാസ്‌റ്റേഴ്‌സിനായി ദിമിത്രിയോസ് ഡയമന്റകോസ് ഇരട്ട ഗോളുകള്‍ നേടി തിളങ്ങി.

കൊച്ചിയില്‍ കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ കേരളത്തെ ഞെട്ടിച്ചാണ് ഗോവ തുടങ്ങിയത്. റൗളിന്‍ ബോര്‍ഗസിലൂടെ ഗോവ മുന്നിലെത്തി. പത്ത് മിനിറ്റുകള്‍ക്ക് ശേഷം മുഹമ്മദ് യാസിറിലൂടെ ഗോവ ലീഡ് ഉയര്‍ത്തി. ഹാഫ് ടൈമിന് പിരിയുമ്പോള്‍ 2-0ന് ഗോവ മുന്നിലായിരുന്നു.

രണ്ടാം പകുതിയില്‍ വുക്കമനോവിച്ചിന്റെ കുട്ടികള്‍ ഉണര്‍ന്ന് കളിച്ചു. ഇതിന് 51ാം മിനിറ്റില്‍ ഫലവും ലഭിച്ചു. ഡയ്‌സുകെ സകായി ബ്ലാസ്റ്റേഴ്‌സിനായി ഒരു ഗോള്‍ മടക്കി. മത്സരം അവസാനിക്കാന്‍ പത്ത് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ കേരളം ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടുകയും ചെയ്തു.

ആക്രമണത്തിന് ശക്തി കൂട്ടിയപ്പോള്‍ എട്ട് മിനിറ്റിനിടെ ഗോവന്‍ ഗോള്‍മുഖത്ത് കേരളം ലക്ഷ്യം കണ്ടത് മൂന്ന് തവണയാണ്. 81ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഡയമന്റകോസ് ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. മൂന്ന് മിനിറ്റിനപ്പുറം വീണ്ടും വല കുലുക്കിയ ഗ്രീക്ക് താരം കേരള ബ്ലാസ്റ്റേഴ്‌സിനെ മത്സരത്തില്‍ ആദ്യമായി മുന്നിലെത്തിച്ചു.

88ാം മിനിറ്റില്‍ ഫഡോര്‍ ചെര്‍നിച്ചിലൂടെ ബ്ലാസ്‌റ്റേഴ്‌സ് പട്ടിക പൂര്‍ത്തിയാക്കി. ജയത്തോടെ കേരളം പോയിന്റ് പട്ടികയില്‍ ടോപ്പ് ഫോറിലേക്ക് തിരികെയെത്തി. 16 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്രെഡിറ്റില്‍ ഒമ്പത് ജയം രണ്ട് സമനില അഞ്ച് തോല്‍വി എന്നിവയിലൂടെ 29 പോയിന്റ് ഉണ്ട്. നാലാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍.