മൂന്നിന് പകരം രാജ്യസഭാ സീറ്റ് : മുസ്ലിംലീഗ് തീരുമാനം നാളെ

Monday 26 February 2024 12:00 PM IST

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന കടുംപിടിത്തം ഉപേക്ഷിച്ച് രാജ്യസഭാ സീറ്റ് സ്വീകരിക്കണമെന്ന കോൺഗ്രസ് നിർദ്ദേശത്തിൽ മുസ്ലിം ലീഗ് നാളെ തീരുമാനമെടുക്കും. ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ സാന്നിദ്ധ്യത്തിൽ ഇതിനായി മലപ്പുറത്ത് യോഗം ചേരും.

ഇന്നലെ രാവിലെ ആലുവ പാലസിൽ നടന്ന ചർച്ച തൃപ്‌തികരമെന്ന് കോൺഗ്രസ്, ലീഗ് നേതാക്കൾ പ്രതികരിച്ചു. നിലവിലെ ദേശീയ സാഹചര്യത്തിൽ കോൺഗ്രസിന്റെ സീറ്റ് വിട്ടുകൊടുക്കുന്നതിലെ വിഷമതകൾ കോൺഗ്രസ് നേതാക്കൾ ലീഗ് നേതാക്കളെ ചർച്ചയിൽ അറിയിച്ചു. രാജ്യസഭാ സീറ്റ് സ്വീകരിക്കാൻ ലീഗ് തയ്യാറാണെങ്കിൽ ദേശീയ നേതൃത്വവുമായി കൂടിയാലോചിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കാമെന്നാണ് കോൺഗ്രസ് നിലപാട്.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ചർച്ചയ്ക്കു ശേഷം ഇക്കാര്യം സ്ഥിരീകരിച്ചു. ചർച്ചകൾ തൃപ്തികരമാണെന്നും നാളത്തെ യോഗത്തിലേ അന്തിമ തീരുമാനമെടുക്കാൻ കഴിയൂവെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും ഡോ.എം.കെ. മുനീറും പറഞ്ഞു.

രാജ്യസഭാ സീറ്റ് വാഗ്ദാനം സ്ഥിരീകരിക്കാൻ ചർച്ചയ്ക്കു ശേഷം പുറത്തിറങ്ങിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തയ്യാറായില്ല. ചർച്ചകളുടെ വിശദാംശം ദേശീയ നേതൃത്വത്തെ അറിയിക്കും. നാളെ ലീഗിന്റെ യോഗത്തിന് ശേഷം സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ ചർച്ച ചെയ്യുമെന്നും സതീശൻ പറഞ്ഞു.

യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ലീഗ് നേതാക്കളായ പി.എം.എ. സലാം, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് കിട്ടിയേ തീരൂവെന്ന നിലപാടിലായിരുന്നു ലീഗ്. കോൺഗ്രസ് ദേശീയ നേതൃത്വവും ലീഗ് നേതാക്കളുമായി ആശയവിനിമയം നടത്തിയതായി സൂചനകളുണ്ട്. രാജ്യസഭാ സീറ്റ് ലീഗിനു നൽകാൻ കോൺഗ്രസ് തയ്യാറാകുമെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.