ശ്രീനാരായണ ധർമ്മസംഘത്തിന് സാക്ഷിയായ പ്ളാവിന് പുതുജീവൻ

Monday 26 February 2024 12:00 AM IST

തൃശൂർ: ശ്രീനാരായണഗുരുദേവൻ 11ശിഷ്യരുമൊത്ത് കൂർക്കഞ്ചേരി ശ്രീമഹേശ്വര ക്ഷേത്രത്തിൽ ശ്രീനാരായണധർമ്മസംഘത്തിന് രൂപം കൊടുക്കുമ്പോൾ സാക്ഷിയായ പ്ലാവ് പുതുജീവനിലേക്ക്. 100 വർഷത്തിലേറെ പ്രായമുള്ള പ്ലാവിന് കാലപ്പഴക്കം കൊണ്ട് സംഭവിച്ച കേടുപാടുകൾക്കുള്ള പരിഹാരചികിത്സ ഇന്നലെ നടത്തി. വൃക്ഷായുർവേദ വിദഗ്ദ്ധനും പരിസ്ഥിതിപ്രവർത്തകനുമായ വൈദ്യൻ ബിനുമാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. 14 ചേരുവൾ ചേർന്ന മരുുന്നുകൂട്ട് തേച്ച് അഞ്ചടിയോളം ഉയരത്തിൽ കോട്ടൺ തുണികൊണ്ട് പ്ലാവിനെ പൊതിഞ്ഞു. നാലു മണിക്കൂറോളം സമയമെടുത്താണ് ചികിത്സ പൂർത്തിയാക്കിയത്.

ക്ഷേത്രഭരണസമിതിയായ കൂർക്കഞ്ചേരി എസ്.എൻ.ബി.പി യോഗമാണ് ചികിത്സ ആവശ്യപ്പെട്ട് ബിനുമാസ്റ്ററെ സമീപിച്ചത്.

ഇതിന്റെ ചുവട്ടിൽ ഇരുന്നാണ് 1928 ജനുവരി ഒമ്പതിന് ശ്രീനാരായണ ധർമ്മ സംഘം ഗുരുദേവൻ സംസ്ഥാപനം ചെയ്തത്. നിറയെ വരിക്കച്ചക്ക കായ്ക്കുന്ന പ്ലാവാണിത്. ഇപ്പോഴും ചക്ക കായ്ക്കാൻ തുടങ്ങിയിട്ടുണ്ട്. അടുത്ത തലമുറകൾക്കായാണ് ഏറ്റവും പ്രാധാന്യമുള്ള ഈ പ്ലാവിനെ സംരക്ഷിക്കാൻ തീരുമാനിച്ചതെന്ന് എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് വിനേഷ് തയ്യിൽ പറഞ്ഞു.

വിഴാലരി മുതൽ പാൽ വരെ

വിഴാലരി, നാടൻ പശുവിന്റെ പാൽ, നെയ്യ്, ചെറുതേൻ, പഴുത്ത കദളിപ്പഴം, കറുത്ത എള്ള്, പാടത്ത് നിന്നെടുത്ത മണ്ണ്, ചിതൽപ്പുറ്റ്, മരം നിൽക്കുന്ന മണ്ണ്, രാമച്ചപ്പൊടി, കറുത്ത ഉഴുന്ന്, ചെറുപയർപൊടി, ഗോതമ്പ് പൊടി, അരിപ്പൊടി തുടങ്ങിയവയാണ് മരുന്നുകൂട്ടിലുള്ളത്. വെള്ളം ചേർക്കാതെ കുഴച്ചെടുക്കുന്ന കൂട്ട് തുണിയോടു കൂടി മരത്തിൽ കൂടിച്ചേരും. പിന്നീട് മരുന്ന് ഒലിച്ചിറങ്ങി വേരുകളിലൂടെ ഇലകളിലെത്തി തടി കരുത്തുറ്റതാക്കും.

പൊള്ളലും ചീയലും മാറും

കാലപ്പഴക്കത്താൽ മരത്തിന് പൊള്ളലും ചീയലുമെല്ലാമുണ്ടാകും. ഇതെല്ലാം മരുന്നുകൊണ്ട് പരിഹരിക്കാം. 188 മരങ്ങളിൽ ഇത്തരം ചികിത്സ വൃക്ഷായുർവേദ ടീം നടത്തിയിട്ടുണ്ട്. പ്ലാവിന് ചുറ്റുമതിൽക്കെട്ടുള്ളതുകൊണ്ട് വേര് പടരാൻ പ്രയാസമുണ്ടായിരുന്നു. ഇനി മതിൽക്കെട്ടിൽ ദ്വാരങ്ങളിട്ട് വെളളം ഒലിച്ചുപോകാൻ വഴിയൊരുക്കും.

നൂറു വർഷത്തിലേറെ പഴക്കമുള്ള പ്ലാവ് ആറു മാസം കൊണ്ട് കാലപ്പഴക്കത്തെ അതിജീവിച്ച് ശക്തിപ്രാപിക്കും. മൂന്നു ലിറ്റർ പാൽ ദിവസവും പ്ലാവിൽ കെട്ടിയ തുണിയിലേക്ക് സ്‌പ്രേ ചെയ്താൽ ഏഴു ദിവസം കൊണ്ട് സുഖം പ്രാപിക്കാനാകും.

ബിനുമാസ്റ്റർ