മാവേലിക്കര : അരുൺകുമാറിനെതിരെ കോട്ടയം, കൊല്ലം ജില്ലാ കമ്മിറ്റികൾ

Monday 26 February 2024 12:29 AM IST

ആലപ്പുഴ : മാവേലിക്കര മണ്ഡലത്തിൽ യുവ നേതാവ് സി.എ. അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നതിനെച്ചൊല്ലി സി.പി.ഐയിൽ വിവാദം. കോട്ടയം, കൊല്ലം ജില്ലാ കൗൺസിലുകളുടെ മൂന്നംഗ സ്ഥാനാർത്ഥി പാനലിൽ അരുണിന്റെ പേര് ഉൾപ്പെടുത്തിയില്ല.

ഇന്നലെ ചേർന്ന സി.പി.ഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗം മാത്രമാണ് അരുൺകുമാറിന്റെ പേര് നിർദ്ദേശിച്ചത്. ആലപ്പുഴ ജില്ലാ എക്സിക്യുട്ടീവും കൗൺസിലും തീരുമാനിച്ച ലിസ്റ്റിൽ അരുൺകുമാറാണ് ഒന്നാം പേരുകാരൻ. പാർട്ടി കമ്മിറ്റികൾ ചർച്ച ചെയ്യും മുമ്പേ സ്ഥാനാർത്ഥിയാകുമെന്ന് പ്രചാരണമുണ്ടായതാണ് സി.എ.അരുൺകുമാറിനെതിരെ എതിർപ്പുയരാൻ കാരണം. അരുൺകുമാറിന് സ്ഥാനാർത്ഥിത്വം നൽകാൻ ആസൂത്രണ നീക്കം നടന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. അരുൺകുമാർ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന കൃഷിമന്ത്രിയുടെ ഓഫീസിനെതിരെയാണ് വിമർശനം.

ജില്ലാ കമ്മിറ്റിയംഗം എം.സി.സിദ്ധാർത്ഥൻ, എ.ഐ.വൈ.എഫ് നേതാവ് എം.സന്തോഷ് കുമാർ എന്നിവരുടെ പേരുകളും ഇന്നലെ ചേർന്ന ആലപ്പുഴ ജില്ലാ കൗൺസിലിന്റെ പട്ടികയിലുണ്ട്. സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ച് മന്ത്രി പി.പ്രസാദ്, കെ.ആർ.ചന്ദ്രമോഹൻ, ആർ.രാജേന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മാവേലിക്കര മണ്ഡലം വ്യാപിച്ചു കിടക്കുന്ന ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലാ കൗൺസിലുകളുടെ പാനലുകൾ വിലയിരുത്തിയാവും സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കുക.

Advertisement
Advertisement