വയനാട്ടിൽ ഭീതി ഒഴിയുന്നില്ല: കടുവ മൂരിക്കിടാവിനെയും പോത്തിനെയും കൊന്നു

Monday 26 February 2024 12:53 AM IST

കൽപ്പറ്റ:മുള്ളൻകൊല്ലിയിലും നെയ്ക്കുപ്പയിലും കടുവ വളർത്തുമൃഗങ്ങളെ കൊന്നു. മുളളൻകൊല്ലി ടൗണിനടുത്താണ് വീണ്ടും കടുവയിറങ്ങി മൂരി കിടാവിനെയാണ് കൊന്നത്.മുള്ളൻകൊല്ലിയിൽ കാക്കനാട്ട് തോമസിന്റെ രണ്ടു വയസുള്ള മൂരി കിടാവിനെ തൊഴുത്തിൽ നിന്നാണ് കടുവ കൊണ്ടുപോയത്. 300 മീറ്റർ അകലെയാണ് ജഡം കണ്ടെത്തിയത്. വനപാലകർ തെരച്ചിൽ നടത്തി. ജാഗ്രത നിർദേശവും നൽകി. നടവയൽ നെയ്ക്കുപ്പയിൽ വനാതിർത്തിയിൽ ഇന്നലെ കടുവ പോത്തിനെയും കൊന്നു. പാറപ്പള്ളിൽ ഷാജിയുടെ പോത്തിനെയാണ് കൊന്നത്.

വനത്തിനോട് ചേർന്നുള്ള പറമ്പിൽ മൂന്ന് പോത്തുകളെ മേയ്ക്കാൻ വിട്ടതായിരുന്നെന്നും ഈ സമയം കടുവ പാഞ്ഞടുത്തതായും നാട്ടുകാർ പറയുന്നു.

ഒരു മാസത്തിൽ ഏറെയായി പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങൾ കടുവ ഭീതിയിലാണ് . പുൽപ്പള്ളി 56 , ആശ്രമക്കൊല്ലി , താന്നിതെരുവ്, കുറിച്ചി പറ്റ, മുള്ളൻകൊല്ലി പഞ്ചായത്തിലെ സുരഭി കവല എന്നിവിടങ്ങളിൽ നിന്ന് പശുക്കിടാങ്ങളെ അടക്കം കടുവ കൊലപ്പെടുത്തിയിട്ടുണ്ട്.