തിരിച്ചടിച്ച് നേടി ബ്ളാസ്റ്റേഴ്സ് ബോയ്സ്

Monday 26 February 2024 12:04 AM IST

രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്നശേഷം 4-2ന് ഗോവയെ തോൽപ്പിച്ച് കേരള ബ്ളാസ്റ്റേഴ്സ്

കൊച്ചി: ഐ.എസ്.എല്ലിലെ ജീവൻ മരണ പോരാട്ടത്തിന്റെ ആദ്യ 17 മിനിട്ടിനുള്ളിൽ രണ്ട് ഗോളുകൾ വഴങ്ങി തുടർച്ചയായ നാലാം തോൽവി മുന്നിൽക്കണ്ട കേരള ബ്ളാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ നാലു ഗോളുകൾ തിരിച്ച‌ടിച്ച് വിജയിച്ചു . ഇരട്ട ഗോളുകൾ നേടിയ ഗ്രീക്ക് താരം ഡയമെന്റക്കോസും ഓരോ ഗോളടിച്ച ദെയ്സുകെ സകായ്‌‌യും ഫെദോർ സെർനിച്ചുമാണ് മഞ്ഞപ്പടയ്ക്ക് വിജയം നൽകിയത്

ആദ്യ പകുതി​യി​ൽ ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളിന് പിന്നിലായി​രുന്നു. റൗളിംഗ് ബോർജസ് (8-ാം മിനിട്ട്), മുഹമ്മദ് യാസിർ (17-ാം മിനിട്ട്) എന്നിവരാണ് ആദ്യ പകുതി​യി​ൽ ഗോവയ്ക്ക് വേണ്ടി​ ലക്ഷ്യം കണ്ടത്. 51-ാം മിനിട്ടിൽ ദെയ്സുകെ സകായ്‌യിലൂടെയാണ് ബ്ളാസ്റ്റേഴ്സ് ആദ്യ ഗോൾ തിരിച്ചടിച്ചത്. ഗ്രീക്ക് താരം ഡയമെന്റക്കോസാണ് 80-ാം മിനിട്ടിൽ സമനില പിടിച്ചത്. പെനാൽറ്റി ബോക്സിലെ ഹാൻഡ്ബാൾ ഫൗളിനാണ് പെനാൽറ്റി ലഭിച്ചത്. 84-ാം മിനിട്ടിൽ ഡയമെന്റക്കോസിന്റെ അടുത്ത ഗോളും പിറന്നു. ഈ സീസണിലെ ഡയമന്റക്കോസിന്റെ പത്താം ഗോളായിരുന്നു ഇത്. 88-ാം മിനിട്ടിലായിരുന്നു സെർണിച്ചിന്റെ ഗോൾ.

ജനുവരിയിലെ ഇടവേളയ്ക്ക് ശേഷമിറങ്ങിയ മൂന്ന് മത്സരങ്ങളിൽ തോറ്റിരുന്ന ബ്ളാസ്റ്റേഴ്സിന് ഈ വിജയംആശ്വാസമായിട്ടുണ്ട്. ഇതോടെ 16 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി ബ്ളാസ്റ്റേഴ്സ് ഗോവയെ അഞ്ചാമതാക്കി നാലാമതേക്ക് ഉയർന്നു. അടുത്ത ശനിയാഴ്ച ബംഗളുരുവിന് എതിരെയാണ് ബ്ളാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

ആക്രമണത്തിന്റെ മൂർച്ചകൂട്ടിയാണ് ബ്ലാസ്റ്റേഴ്‌സിന് തുടങ്ങിയത്. ഡയമെന്റക്കോസിലൂടെ ആദ്യമിനിട്ടിൽ തന്നെ മുന്നിലെത്താൻ ശ്രമിച്ചെങ്കിലും നീക്കം വിഫലമായി. പക്ഷേ ഈ കരുത്ത് കളത്തിൽ തുടർന്നങ്ങോട്ട് നിലനിറുത്താൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. എട്ടാം മിനിട്ടിൽ ആദ്യ പ്രഹരമേറ്റു. ഗോവയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഡ്രിൻസിച്ച് ഹെഡറിലൂടെ കോർണർ വഴങ്ങി തടുത്തെങ്കിലും അപകടം ഒഴിവാക്കാനായില്ല.
കോർണറെടുത്ത മദ്ധ്യനിര താരം ബോജ്രയ്ക്ക് തെറ്റിയില്ല. പ്രതിരോധ പൂട്ടില്ലാതെ നിന്ന റൗളിംഗ് ബോർജെസിന്റെ കാലിലേക്ക് പന്തെത്തിച്ചു. റൗളിംഗിന്റെ നിലംപതിഞ്ഞ മിന്നൽഷോട്ട് ലക്ഷ്യത്തിൽ. ഗ്യാലറിയാകെ നിശ്ബദം. പത്ത് മിനിട്ടിനുള്ളിൽ ഗോവ ബ്ലാസ്‌റ്റേഴ്‌സിന് നേരെ രണ്ടാം നിറയൊഴിച്ചു. ഇടതുവിംഗിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പൊളിച്ച് കുതിച്ച നോഹ് നീട്ടനൽകിയ ക്രോസിൽ മുഹമ്മദ് യാസിറിന്റെ ഫസ്റ്റ് ടച്ച്. പന്ത് കരൺജിത്തിനെ കാഴ്ചക്കാരനാക്കി വലയിൽ. ഇരട്ടപ്രഹരം ബ്ലാസ്റ്റേഴ്‌സിനെ തളർത്തി. സ്‌കോർ തുറക്കാൻ ആദ്യപകുതിയിൽ ഒരുപിടി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിനായില്ല.

നിർണായക മത്സരത്തിൽ ഇവാൻ വുകോമനോവിച്ച് നാലുമാറ്റങ്ങൾ വരുത്തി. പരിക്ക് മാറി തിരിച്ചെത്തിയ ഡയമന്റകോസ് ക്യാപ്ടൻ ബാൻഡണിഞ്ഞു. ഗ്രീക്ക് താരത്തിനൊപ്പം രാഹുൽ കെ.പി, വിബിൻ മോഹനൻ എന്നിവരും ആദ്യ ഇലവനിൽ തിരിച്ചെത്തി. പരിക്കേറ്റ സച്ചിൻ സുരേഷിന് പകരം കരൺജിത് സിംഗായിരുന്നു ഗോൾവല കാത്തത്. ഉദാന്തയും നോഹും ആദ്യ ഇലവനിൽ തിരിച്ചെത്തിയതായിരുന്നു എഫ്.സി ഗോവയിലെ മാറ്റം.

Advertisement
Advertisement