മാസപ്പടി കേസ്; എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിക്കെതിരായ സീരിയസ് ഫ്രാേഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസിയുടെ (വ്യവസായ വികസന കോർപ്പറേഷൻ ) ഹർജി ഹൈക്കോടതി ഇന്ന് വിണ്ടും പരിഗണിക്കും. അന്വേഷണത്തിനുള്ള ഉത്തരവിന്റെ പകർപ്പ് അടക്കം നൽകാതെയാണ് എസ്എഫ്ഐഒ പരിശോധന നടത്തുന്നതെന്നായിരുന്നു ഹർജിക്കാരുടെ വാദം.
ഹർജിയിൽ കക്ഷി ചേരാൻ പരാതിക്കാരനും ബിജെപി നേതാവുമായ ഷോൺ ജോർജ് നൽകിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന കെഎസ്ഐഡിസിയുടെ ഹർജി നേരത്തെ ഹെെക്കോടതി തള്ളിയിരുന്നു. എന്തുകൊണ്ടാണ് അന്വേഷണത്തെ എതിർക്കുന്നതെന്നും അതിന്റെ ഉദ്ദേശശുദ്ധി വ്യക്തമാക്കണമെന്നും കോടതി കെഎസ്ഐഡിസിയോട് ആവശ്യപ്പെട്ടിരുന്നു.
എന്തെങ്കിലും ഒളിയ്‌ക്കാനുണ്ടോയെന്നും അന്ന് ഹർജി പരിശോധിക്കുന്നതിനിടെ ഹൈക്കോടതി ചോദിച്ചു. എന്നാൽ ഒന്നും ഒളിക്കാനില്ലെന്നായിരുന്നു കെഎസ്‌ഐഡിസിയുടെ മറുപടി. കെഎസ്ഐഡിസിയുടെ ഹർജിയിൽ ഇന്ന് കേന്ദ്ര സര്‍ക്കാരും രേഖാമൂലം നിലപാട് വ്യക്തമാക്കും.