ബേലൂർ മഗ്നയുടെ ആക്രമണം; കർണാടക സർക്കാരിന്റെ 15 ലക്ഷം രൂപ നിരസിച്ച് അജീഷിന്റെ കുടുംബം

Monday 26 February 2024 10:32 AM IST

വയനാട്: കർണാടകത്തിൽ നിന്ന് തുരത്തിയ മോഴയാന ബേലൂർ മഗ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിന്റെ കുടുംബം നഷ്ടപരിഹാരത്തുക നിരസിച്ചു. കർണാടക സർക്കാ‌ർ പ്രഖ്യാപിച്ച 15 ലക്ഷം രൂപയാണ് കുടുംബം വേണ്ടെന്ന് വച്ചത്. നഷ്ടപരിഹാരം പ്രഖ്യാപിച്ച കാര്യം ബിജെപി കർണാടകയിൽ വിവാദമാക്കിയ സാഹചര്യത്തിലാണ് തീരുമാനം. ബിജെപിയുടേത് മനുഷ്യത്വരഹിത നടപടിയാണെന്ന് കുടുംബം ആരോപിച്ചു.

ഈ മാസം പത്താം തീയതിയായിരുന്നു കാട്ടാന ആക്രമണത്തിൽ അജീഷ് കൊല്ലപ്പെട്ടത്. മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. കർണാടകയുടെ ഉടമസ്ഥതയിലുള്ള ആനയുടെ ആക്രമണത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടമായതിനെത്തുടര്‍ന്നാണ് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. അജീഷിന്റെ കുടുംബത്തെ സന്ദർശിച്ച രാഹുൽ കർണാടക മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചത്.

കർണാടകയിൽ കാട്ടാന ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് നൽകുന്ന അതേ തുകയാണ് അജീഷിന്റെ കുടുംബത്തിന് നൽകാൻ തീരുമാനിച്ചത്. അജീഷിനെ കർണാടകക്കാരനായി കണക്കാക്കി ധനസഹായം നൽകുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതായി കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്ര പറഞ്ഞിരുന്നു.

എന്നാല്‍ കേരളത്തിലേക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെതിരെ കര്‍ണാടകയിലെ പ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഈ പണം തങ്ങള്‍ക്ക് വേണ്ടെന്ന നിലപാടില്‍ കുടുംബം എത്തിയത്. രാഹുല്‍ ഗാന്ധിയോടും കര്‍ണാടക സര്‍ക്കാറിനോടും നന്ദിയുണ്ടെന്നും എന്നാല്‍ വിവാദമുണ്ടായ സാഹചര്യത്തിലാണ് പണം നിരസിക്കുന്നതെന്നും കുടുംബം അറിയിച്ചു. അതേസമയം, അജീഷിനെ കൊലപ്പെടുത്തിയ ആനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം ഇപ്പോഴും തുടരുകയാണ്.

Advertisement
Advertisement