ആലപ്പുഴയിൽ ഏഴാം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത സംഭവം; രണ്ട്  അദ്ധ്യാപകർക്കെതിരെ കേസെടുത്ത് പൊലീസ്

Monday 26 February 2024 12:11 PM IST

ആലപ്പുഴ: ഏഴാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അദ്ധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. സ്കൂളിലെ കായികാദ്ധ്യാപകൻ ക്രിസ്തുദാസ്, അദ്ധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസെടുത്തത്. ജുവനെെൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്. സ്‌കൂൾ അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നാണ് ആലപ്പുഴ കാട്ടൂർ അഴിയകത്ത് വീട്ടിൽ പ്രജിത്ത് (13) ആത്മഹത്യ ചെയ്തതെന്ന് രക്ഷിതാക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി.

ഫെബ്രുവരി 15നാണ് സ്‌കൂളിൽ നിന്നും മടങ്ങിയെത്തിയ പ്രജിത്ത് സ്‌കൂൾ യൂണിഫോമിൽ തന്നെ വീടിനുളളിൽ തൂങ്ങിമരിച്ചത്. അന്നേ ദിവസം സ്‌കൂളിൽ വച്ച് സഹപാഠിക്ക് തലകറക്കം അനുഭവപ്പെട്ടിരുന്നു. ആ സമയത്ത് വെള്ളം കുടിക്കാൻ പൈപ്പിന് സമീപത്തേക്ക് പ്രജിത്ത് ഒപ്പം പോയിരുന്നു. ഈ സമയത്ത് അദ്ധ്യാപകൻ വിദ്യാർത്ഥികളെ കാണാനില്ലെന്ന് മൈക്കിലൂടെ അറിയിച്ചെന്നും ഇത് കേട്ട് ക്ലാസിലേക്ക് ഓടിയെത്തിയ പ്രജിത്തിനെ ചൂരൽ ഉപയോഗിച്ച് തല്ലുകയും ശരീര പരിശോധന നടത്തുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു.

ഈ സമയത്ത് അദ്ധ്യാപകൻ കണ്ണിൽ സൂക്ഷിച്ച് നോക്കി 'നീയൊക്കെ കഞ്ചാവാണല്ലേ' എന്ന് ചോദിച്ചു. മറ്റൊരു അദ്ധ്യാപികയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സ്‌കൂൾ വിട്ടപ്പോൾ ഇതേ അദ്ധ്യാപകനും അദ്ധ്യാപികയും ചേർന്ന് കുട്ടിയെ അപമാനിച്ചെന്നും മറ്റ് വിദ്യാർത്ഥികൾ നോക്കിനിൽക്കെ അദ്ധ്യാപകൻ മർദ്ദിച്ചെന്നും പിതാവ് നൽകിയ പരാതിയിൽ പറയുന്നു.