നടുറോഡിൽ കൊമ്പ് ഉപയോഗിച്ച് ലോറി തള്ളി പടയപ്പ; ഒരു മണിക്കൂറിലേറെ ഗതാഗത തടസം

Monday 26 February 2024 1:54 PM IST

ഇടുക്കി: മൂന്നാർ നയമക്കാട് എസ്റ്റേറ്റ് വഴിയിൽ സിമന്റ് കയറ്റിവന്ന ലോറി തടഞ്ഞ് കാട്ടാന പടയപ്പ . ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ഇതേ തുടർന്ന് ഒരു മണിക്കൂറോളം ഈ റോഡിലെ ഗതാഗതം തടസപ്പെട്ടു. പടയപ്പ കൊമ്പ് ഉപയോഗിച്ച് ലോറി നീക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. തോട്ടം തൊഴിലാളികൾ ബഹളം വച്ചതിനെ തുടർന്ന് ആന അവിടെ നിന്ന് പോയി.

കഴിഞ്ഞ ഡിസംബറിൽ ഗ്യാപ് റോഡിലിറങ്ങിയ പടയപ്പ വാഹനങ്ങൾ തടഞ്ഞിരുന്നു. കഴിഞ്ഞ സെപ്തംബറിൽ മൂന്നാറിൽ സൈലന്റ് വാലിയിലെ സെക്കന്റ് ഡിവിഷനിൽ എത്തിയ പടയപ്പ റേഷൻ കട മുഴുവനായും തകർത്തിരുന്നു. എസ്​റ്റേ​റ്റിന്റെ സമീപ പ്രദേശത്ത് കാട്ടാന എത്തിയെന്നറിഞ്ഞ തോട്ടം തൊഴിലാളികൾ റേഷൻ കട സംരക്ഷിക്കുന്നതിനായി എത്തിയെങ്കിലും അതിന് മുൻപ് തന്നെ പടയപ്പ റേഷൻ കടയുടെ മേൽക്കൂര തകർക്കുകയായിരുന്നു.

ഇതിന് മുൻപും എസ്​റ്റേ​റ്റിൽ എത്തിയിട്ടുള്ള പടയപ്പ തോട്ടം തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട അരിയും പ്രദേശവാസികൾ കൃഷി ചെയ്തിരുന്ന പച്ചക്കറികളും കഴിച്ചാണ് തിരികെ കാടിനുളളിലേക്ക് പോയത്.