വന്യമൃഗങ്ങളെ തുരത്താൻ പി.വി.സി വെടിക്കോപ്പ്, വില്പനക്കാർ മഹാരാഷ്ട്രയിൽനിന്ന്
കൽപ്പറ്റ: വന്യമൃഗങ്ങളെ തുരത്താൻ മഹാരാഷ്ട്രയിൽ നിന്ന് പി.വി.സി പൈപ്പ് വെടിക്കോപ്പുകളെത്തി. കാട്ടുമൃഗങ്ങളെ തുരത്താനുളള പുതിയ സംവിധാനം എന്നവകാശപ്പെട്ടാണ് വില്പനക്കാർ ചുരം കയറി എത്തിയത്. കാട്ടാനകളെ ഉൾപ്പെടെ തുരത്താൻ ഈ സംവിധാനം ഫലം ചെയ്യുമെന്നാണ് വില്പനക്കാർ പറയുന്നത്. കർഷകർ ഇത് വാങ്ങുന്നുമുണ്ട്. അങ്ങനെയെങ്കിലും വന്യമൃഗങ്ങളെ കൃഷിയിടത്തിൽ നിന്ന് തുരത്താമല്ലോ എന്നാണ് പ്രതീക്ഷ.
പടക്കം വാങ്ങി സൂക്ഷിക്കാത്ത വീടുകൾ ജില്ലയിൽ വിരളം. പടക്കം പൊട്ടിച്ചിട്ടും വന്യമൃഗങ്ങൾ കാട് കയറുന്നില്ല. ഈ സാഹചര്യത്തിലാണ് പി.വി.സി വെടിക്കോപ്പ് എത്തിയത്.
ഒരു മീറ്റർ നീളമുള്ള പൈപ്പിന്റെ നടുവിൽ ദ്വാരവും പിറകുഭാഗം അടപ്പ് ഇട്ട് അടച്ച് അതിൽ ഗ്യാസ് ലൈറ്ററും ഫിറ്റാക്കിയാണ് ഉപകരണം തയ്യാറാക്കിയിരിക്കുന്നത്. നടുവിലെ ദ്വാരത്തിൽ കാർബൈഡ് പൊടി ഇട്ട് വെള്ളവും കൂടി ചേർത്താൽ ഉണ്ടാവുന്ന വാതകം പൈപ്പിൽ നിറയും. ഈ സമയം ലൈറ്റർ ഉപയോഗിച്ച് കത്തിക്കുന്നതോടെ വൻ ശബ്ദത്തിൽ പൊട്ടലും പുകപ്രവാഹവും ഉണ്ടാവും. ശബ്ദംകേട്ട് കാട്ടുമൃഗങ്ങൾ ഓടിപ്പോകുമെന്നാണ് പ്രതീക്ഷ. ഒരെണ്ണത്തിന് 250 രൂപയാണ് വില. തോക്കുപോലെ ആവർത്തിച്ച് ഉപയോഗിക്കാം.
''വർഷങ്ങൾക്കുമുമ്പ് ഇത്തരം രീതി പരീക്ഷിച്ചിരുന്നു. ശബ്ദം വന്യമൃഗങ്ങൾക്ക് പരിചിതമായതോടെ കാര്യമില്ലാതായി. ഇപ്പോൾ വീണ്ടും എത്തിയതോടെ വാങ്ങുകയാണ്. പണ്ടത്തെ മൃഗങ്ങളല്ലല്ലോ ഇപ്പോൾ. ഒരു പ്രയോഗം നടത്തി നോക്കാം. വിജയിക്കുന്നെങ്കിൽ നേട്ടമായിരിക്കും.
-മാത്യു, കർഷകൻ, നടവയൽ