അധികൃതർ അനങ്ങുന്നില്ല; വെള്ളത്തിന് യാചിച്ച് കർഷകർ

Tuesday 27 February 2024 12:50 AM IST
മുതലമട കാട്ടുപ്പാടത്തെ സി.മോഹനൻ തന്റെ ഉണങ്ങി നശിച്ച നെൽപ്പാടത്ത്.

  • മുതലമടയിലും നെൽകൃഷി ഉണക്കം രൂക്ഷം.
  • കനാൽ തുറക്കുന്നത് മൂന്ന് ദിവസമായി വെട്ടിക്കുറച്ചു.

മുതലമട: കുറ്റിപ്പാടം, ഇടയൻ കുളമ്പ്, കാട്ടുപാടം, പ്ലാകുളമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ നെൽകൃഷിയുടെ നാശത്തിന് കാരണം ഉദ്യോഗസ്ഥരുടെ തികഞ്ഞ അനാസ്ഥയെന്ന് കർഷകർ. ചിറ്റൂർ ഇറഗേഷൻ പദ്ധതിയുടെ വാലറ്റ പ്രദേശമായ കുറ്റിപ്പാടം, കാട്ടുപ്പാടം ഭാഗത്ത്‌ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാത്തത് മൂലം ഏക്കറുകളോളം നെൽകൃഷി ഉണക്ക ഭീഷണി നേരിടുകയും 20 ഏക്കറോളം പൂർണമായും ഉണങ്ങി നശിക്കുകയും ചെയ്തു.

ജലക്ഷാമം ചൂണ്ടിക്കാട്ടി കൃഷിക്കാർ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സി.മോഹനൻ, യു.ഹനീഫ, എൽ.ശിവരാമൻ എന്നിവരുടെ അഞ്ചേക്കർ വീതവും എം.ശശിധരന്റെ പത്തേക്കറും തുടങ്ങി പതിനഞ്ചോളം കർഷകരുടെ കൃഷിക്കാണ് നാശം സംഭവിച്ചത്.

ചിറ്റൂർ ഇറഗേഷൻ പദ്ധതിയുടെ ഏന്തൽ പാലം ബ്രാഞ്ചിൽ നിന്നുമാണ് കുറ്റിപ്പാടം ഭാഗത്തേക്ക് വെള്ളം എത്തേണ്ടത്. മുമ്പ് കനാൽ തുറന്നാൽ ഏഴ് ദിവസം വരെ വെള്ളം വരുമായിരുന്നു. നിലവിലത് മൂന്നു ദിവസമായി കുറച്ചിട്ടുണ്ട്.

പ്രശ്നം കനാൽ ഓവുകളുടെ വ്യാസം കൂടിയത്

ബ്രാഞ്ച് കനാലിലെ തുടക്കത്തിലെ ഓവുകളുടെ വ്യാസം ആറിഞ്ചാണ് ഉണ്ടായിരുന്നത്. വെള്ളത്തിന്റെ സൗകര്യപ്രദമായ ലഭ്യതയ്ക്കായി കർഷകർ തങ്ങളുടെ ഇഷ്ടാനുസരണം ഇതിനെ വലുതാക്കിയിരിക്കുന്നു. ഇതുമൂലം വാലറ്റ പ്രദേശങ്ങളിലേക്ക് വെള്ളം എത്താൻ തടസം നേരിടുന്നുണ്ട്.

കർഷകരുടെ പ്രശ്നം സർക്കാരും ഉദ്യോഗസ്ഥരും വകവയ്ക്കുന്നില്ല. വാലറ്റത്തേക്ക് വെള്ളമെത്തിക്കാൻ നിരവധി നിവേദനങ്ങളും പരാതികളും കൊടുത്തിട്ടും ഫലമില്ല. കർഷക അവകാശങ്ങൾ നേടിയെടുക്കാൻ സമരം ചെയ്യേണ്ടത് ഖേദകരമാണ്. കുറ്റിപാടം ഭാഗത്ത് വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ സമരത്തിനിറങ്ങും.

-സി.മോഹനൻ, നെൽകർഷകൻ, കാട്ടുപ്പാടം.