ഐ.എസ്.സി 12-ാം ക്ളാസ് കെമിസ്ട്രി പരീക്ഷ മാറ്റി
Tuesday 27 February 2024 12:00 AM IST
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നെന്ന വാർത്തയെ തുടർന്ന് ഐ.എസ്.സി 12-ാം ക്ളാസ് കെമിസ്ട്രി ബോർഡ് പരീക്ഷ മാറ്റിവച്ചു.
ഇന്നലെ ഉച്ചയ്‌ക്ക് രണ്ടുമണിക്ക് നടക്കേണ്ടിയിരുന്ന
പരീക്ഷ മാർച്ച് 21ന് ഉച്ചയ്‌ക്ക് രണ്ടുമണിക്ക് നടത്തും. മറ്റ് വിഷയങ്ങളുടെ പരീക്ഷകൾക്ക് മാറ്റമില്ല. 'അപ്രതീക്ഷിത കാരണങ്ങളാൽ' പരീക്ഷ മാറ്റിയെന്ന് മാത്രമാണ് ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് കൗൺസിൽ (സി.ഐ.എസ്.ഇ) അറിയിച്ചത്.
ചോദ്യപേപ്പർ ചോർന്നെന്ന് ഇന്നലെ രാവിലെ മുതൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉച്ചയ്‌ക്ക് 12 മണിയോടെയാണ് പരീക്ഷ മാറ്റിവച്ച അറിയിപ്പ് വന്നത്. അപ്പോഴേക്കും വിദ്യാർത്ഥികൾ മിക്കവരും സ്‌കൂളുകളിലേക്ക് തിരിച്ചിരുന്നു. ഫെബ്രുവരി 12 നാണ് പരീക്ഷ തുടങ്ങിയത്. ഏപ്രിൽ 3 ന് പൂർത്തിയാവും.