വിദ്യാഭ്യാസ മേഖല പരിഷ്കരിക്കണം: മുഖ്യമന്ത്രി
ആറ്റിങ്ങൽ: ആധുനിക കാലഘട്ടത്തിനനുസരിച്ചു വിദ്യാഭ്യാസ മേഖലയിൽ പരിഷ്കരണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 68 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടലും തോന്നയ്ക്കൽഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാലത്തിനനുസരിച്ച് അറിവുകളും മാറുകയാണ്. സംശയങ്ങളും ആശയങ്ങളും കുട്ടികളിൽ വളരും. അത് തീർത്തുനൽകാനുള്ള ഉത്തരവാദിത്തം അദ്ധ്യാപകർക്കുണ്ട്. പണ്ടുപഠിച്ച അറിവ് കൊണ്ട് മാത്രം അദ്ധ്യാപകർക്ക് ഈ സംശയങ്ങൾ തിരുത്താനാവില്ല. അദ്ധ്യാപകരും മാറ്റം വരുത്തണം. അതിനായി മികച്ച പരിശീലനം നേടണം. ഡിജിറ്റൽ വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം സമാനതകളില്ലാത്ത വളർച്ചയാണ് നേടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായി എ.എ റഹിം എം.പി, എം.എൽ.എമാരായ വി.ജോയി, വി.ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.
പുതുതായി നിർമ്മിച്ച 68 സ്കൂൾ കെട്ടിടങ്ങളിൽ കിഫ്ബിയുടെ 5 കോടിയുടെ 2 കെട്ടിടങ്ങളും 3 കോടിയുടെ 3 കെട്ടിടങ്ങളും 1 കോടിയുടെ 26 കെട്ടിടങ്ങളും മറ്റ് ഫണ്ടുകൾ വിനിയോഗിച്ച 37 കെട്ടിടങ്ങളും ഉൾപ്പെടും.
സംവരണവിരുദ്ധ പരാമർശം:
കടുത്ത നടപടി വേണമെന്ന്
കൊല്ലം: പ്ളസ് വൺ പാഠപുസ്തകത്തിലെ സംവരണവിരുദ്ധ പരാമർശത്തിൽ എസ്.സി.ഇ.ആർ.ടി ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ കോ-ഓഡിനേറ്റർ പി.വി. രജിമോനും പ്രസിഡന്റ് ഡോ. വിഷ്ണുവും സെക്രട്ടറി ഡോ. സുമേഷും ആവശ്യപ്പെട്ടു. പരാമർശം ഒഴിവാക്കിയാൽ പ്രശ്നം തീരില്ല. ഇത്തരം ധിക്കാരം ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ആറ് തദ്ദേശസ്ഥാപന
അംഗങ്ങളെ
അയോഗ്യരാക്കി
തിരുവനന്തപുരം:ഒരു മുനിസിപ്പൽ കൗൺസിലർ ഉൾപ്പെടെ സംസ്ഥാനത്തെ ആറ് തദ്ദേശ സ്ഥാപന അംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അയോഗ്യരാക്കി.അഞ്ച് പേർക്കെതിരെ കൂറുമാറ്റ നിരോധന നിയമമനുസരിച്ചാണ് നടപടി.പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പുകളിൽ വിപ്പ് ലംഘിച്ച് കൂറുമാറി വോട്ട് ചെയ്തതിനാണ് നടപടി.
ഇവർക്ക് ഇനി ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. മഞ്ചേരി മുനിസിപ്പാലിറ്റിയിൽ വിശ്വനാഥൻ കൗൺസിലറായിരിക്കെ അസിസ്റ്റന്റ് ക്ളാർക്കായി ജോലി ചെയ്തതിന്റെ പേരിലാണ് അയോഗ്യനാക്കപ്പെട്ടത്. മഞ്ചേരിയിലെ കരുവമ്പലം വാർഡ് കൗൺസിലറും സി.പി.എം.അംഗവുമാണ്. കരുംകുളം പഞ്ചായത്തിലെ സി.പി.എം.അംഗം എസ്.സോളമൻ, കോൺഗ്രസ് അംഗങ്ങളായ രാമപുരം പഞ്ചായത്തിലെ ഷൈനി സന്തോഷ്,എഴുമറ്റൂർ പഞ്ചായത്തിലെ ലീലാമ്മ സാബു, റാന്നി പഞ്ചായത്തിലെ ബി.ജെ.പി.അംഗങ്ങളായ എം.പി.രവീന്ദ്രൻ, എ.എസ്.വിനോദ് എന്നിവരാണ് അയോഗ്യരാക്കപ്പെട്ടത്.
പാർട്ണർഷിപ്പ് ഭേദഗതി ബിൽ രാഷ്ട്രപതി അംഗീകരിച്ചു
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ഇന്ത്യൻ പാർട്ണർഷിപ്പ് ആക്ട് (കേരള ഭേദഗതി) ബിൽ രാഷ്ട്രപതി അംഗീകരിച്ചു. കേന്ദ്രസർക്കാർ പാസാക്കിയ നിയമത്തിന് വിരുദ്ധമായതിനാലാണ് ഗവർണർ കഴിഞ്ഞ ഒക്ടോബറിൽ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്. നിയമ വകുപ്പ് ഇത്തരമൊരു ശുപാർശ ഗവർണർക്ക് നൽകിയിരുന്നു.
കൂട്ടുകച്ചവടം രജിസ്റ്റർ ചെയ്യുന്നതിനുള്ള വിവിധ ഫീസുകൾ ഇരട്ടിയാക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്തത്. 1932ലെ ഇന്ത്യൻ പാർട്ണർഷിപ്പ് ആക്ടിന്റെ (കേരള ഭേദഗതി) ഒന്നാം ഷെഡ്യൂൾ ഭേദഗതി ചെയ്താണ് ബിൽ കൊണ്ടുവന്നത്. 2013, 2015 വർഷങ്ങളിലാണ് ഇന്ത്യൻ പാർട്ണർഷിപ് നിയമവും 1955ലെ തിരുവിതാംകൂർ-കൊച്ചി ശാസ്ത്രസാഹിത്യ, ധാർമ്മിക സംഘങ്ങൾ നിയമങ്ങൾ പ്രകാരം വിവിധ ഫീസ് നിരക്കുകൾ ഏറ്റവുമൊടുവിൽ പരിഷ്കരിച്ചത്. രണ്ടോ അതിലധികമോ ആളുകൾ ചേർന്നുള്ള കൂട്ടുകച്ചവടത്തിനുള്ള രജിസ്ട്രേഷൻ തിരുവനന്തപുരത്തെ രജിസ്ട്രേഷൻ ഐ.ജി ഓഫിസിലാണ് നടത്തുന്നത്.