പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ടം: സഹോദരങ്ങൾക്ക് ജാമ്യം
തിരുവനന്തപുരം : യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സർവെന്റ് തസ്തികയിലേക്ക് പി.എസ്.സി നടത്തിയ എഴുത്ത് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സഹോദരങ്ങൾക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കാതറിൻ എൽസ ജോർജ്ജാണ് നേമം കോളീയൂർ സ്വദേശികളായ അമൽജിത്ത്, അഖിൽജിത്ത് എന്നിവർക്ക് ജാമ്യം അനുവദിച്ചത്.
മൂന്ന് മാസം ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. ഇരുവരും 50,000രൂപയോ തത്തുല്യമായ തുകയ്‌ക്കോ ഉളള ജാമ്യം നൽകണമെന്നുമാണ് നിർദ്ദേശം.
പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ സ്‌കൂളിൽ വച്ച് നടന്ന പരീക്ഷയിലാണ് ആൾമാറാട്ടം നടന്നത്. അമൽജിത്തായിരുന്നു പരീക്ഷാർത്ഥി. പരീക്ഷ ഹാളിൽ ഉണ്ടായിരുന്നത് അഖിൽജിത്തും. ഹാൾ ടിക്കറ്റ് പരിശോധനയിൽ രൂപ സാദൃശ്യമുള്ള ഇരുവരെയും തിരിച്ചറിയാനായില്ല. ഇതിനിടെയാണ് പി. എസ്. സി വിജിലൻസ് വിഭാഗം ബയോമെട്രിക് മെഷീനുമായി വിരലടയാള പരിശോധനക്ക് എത്തിയത്. പരിശോധനയിൽ പിടിവീഴുമെന്നായതോടെ അഖിൽജിത്ത് പരീക്ഷാഹാളിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. സ്‌കൂളിന് പുറത്ത് ബൈക്കിൽ കാത്ത് നിന്നയാൾ അഖിൽജിത്തിനെ രക്ഷപ്പെടാൻ സഹായിച്ചു. ദിവസങ്ങൾക്ക് ശേഷം ഇരുവരും കോടതിയിൽ കീഴടങ്ങുകയായിരുന്നു.