കേരളത്തിലെ ഗുണ്ടകള്‍ക്ക് ഇത് നിര്‍ബന്ധം, മുംബയില്‍ നിന്നും ഗോവയില്‍ നിന്നും ഇറക്കിയിരുന്ന സാധനം കൈവശം സുലഭം

Tuesday 27 February 2024 12:18 AM IST

കൊച്ചി: കാലത്തിനനുസരിച്ച് ഗുണ്ടാസംഘങ്ങളും മാറുകയാണ്. വടിവാളും ഇരുമ്പുവടിയും ഷര്‍ട്ടിന്റെയോ ബനിയന്റെയോ പിന്നിലൊളിപ്പിച്ച് വരുന്ന ഗുണ്ടാസംഘങ്ങളുടെ കാലമൊക്കെ ഓര്‍മ്മയിലേക്ക്.

ആരെയും ഒറ്രവെടിക്ക് കൊല്ലാന്‍ ശേഷിയുള്ള കൈത്തോക്കുകളുമാണ് ആയുധങ്ങള്‍. നാടന്‍തോക്കു മുതല്‍ വിദേശിവരെ നീളും ശേഖരം. കടവന്ത്ര ഇടശേരി ബാറിലെ വെടിവയ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് പിസ്റ്റളും റിവോള്‍വറും ഗുണ്ടകള്‍ യഥേഷ്ടം കൊണ്ടുനടക്കുന്നതായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറിയെന്ന് കണ്ടെത്തിയത്.

ഗുണ്ടാസംഘങ്ങള്‍ക്കൊപ്പം ചേരുന്ന യുവാക്കളുടെ കൈയില്‍പ്പോലും തോക്കുകളുണ്ട്. ഇടശേരി ബാര്‍ വെടിവയ്പ് കേസിലെ പ്രതി കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടയുടെ ആരാധകനായാണ് ഗുണ്ടാസംഘത്തിലെത്തുന്നത്. പിന്നീട് ഗുണ്ടാത്തലവന്റെ ശത്രുവായതോടെ സംഘത്തില്‍ നിന്ന് പുറത്താക്കി. പക്ഷേ തോക്ക് ഉപേക്ഷിച്ചില്ല. പുതിയഗ്യാംഗും രൂപീകരിച്ചു.

പ്രിയം കുഴല്‍പ്പണവേട്ടയും ലഹരിക്കടത്തും

വെട്ടുംകുത്തും വിട്ട് റിയല്‍എസ്റ്റേറ്റ് ഇടനിലയും കുഴല്‍പ്പണവേട്ടയും ലഹരിക്കടത്തുമാണ് ഗുണ്ടാസംഘങ്ങള്‍ ഇപ്പോള്‍ 'കൈകാര്യം' ചെയ്യുന്നത്. ഒരിടയ്ക്ക് ഭൂമിക്കച്ചവടത്തിലും തണ്ണീര്‍ത്തടം നികത്തലിലുമായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. തണ്ടപ്പേര് മാറ്റലിലടക്കം സര്‍ക്കാര്‍ നിയമം കടുപ്പിച്ചതോടെ ഗുണ്ടാസംഘം ലഹരിക്കടത്തിലേക്ക് തിരിഞ്ഞു. വന്‍തോതില്‍ പണമിറക്കി കൊച്ചിയിലടക്കം മയക്കുമരുന്ന് എത്തിക്കുന്നതിന് പിന്നില്‍ ഗുണ്ടാസംഘങ്ങളാണ്. ആളുകളെ ഭീഷണിപ്പെടുത്താനും പ്രത്യാക്രമണങ്ങളില്‍നിന്ന് രക്ഷപ്പെടാനും തോക്ക് ധാരാളമെന്നാണ് അടുത്തിടെ അറസ്റ്റിലായ ഗുണ്ടകളുടെ വെളിപ്പെടുത്തല്‍.

ഓള്‍ഡ് ഗുണ്ടകള്‍ തിരികെ

അഞ്ചോളം ആക്ടീവ് ഗുണ്ടാസംഘങ്ങളാണ് കൊച്ചിയിലുള്ളത്. കോയമ്പത്തൂര്‍, പാലക്കാട്, തമിഴ്‌നാട്ടിലെ വിവിധ ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ തമ്പടിച്ചാണ് ഗുണ്ടാത്തലവന്മാര്‍ ഇതെല്ലാം നിയന്ത്രിക്കുന്നത്. എന്നാല്‍ കൊച്ചി അടക്കി ഭരിക്കുകയും പിന്നീട് ഗുണ്ടാപ്രവര്‍ത്തനം ഉപേക്ഷിക്കുകയും ചെയ്ത തവലന്മാര്‍ ഇപ്പോള്‍ സജീവമായിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കാപ്പചുമത്തി പലരേയും ജയിലിലടച്ചതോടെ ഈ തക്കം മുതലെടുത്ത് കളംപിടിക്കുകയാണ് ഇവരുടെ ലക്ഷ്യം.

വരവ് തോക്ക്

മുംബയ്, ഗോവ, മംഗലാപുരം വഴിയാണ് കേരളത്തില്‍ മുമ്പ് കൂടുതലായി തോക്കെത്തിയിരുന്നത്. ഗുണ്ടാസംഘങ്ങളുമായും റിയല്‍ എസ്റ്റേറ്റ് മാഫിയയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുമെല്ലാം ഇപ്പോള്‍ ബീഹാറില്‍നിന്ന് തോക്കെത്തുന്നതായിട്ടാണ് വിവരം. പെട്ടെന്ന് കണ്ടുപിടിക്കാതിരിക്കാന്‍ വിവിധ കഷണങ്ങളാക്കിയാണ് കൊണ്ടുവരുന്നത്. ആവശ്യക്കാരെ കണ്ടെത്താനും തോക്ക് എത്തിച്ചുനല്‍കാനും ധാരാളം ഇടനിലക്കാരും ബീഹാറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം മേഖലകളിലേക്കാണ് തോക്കില്‍ ഏറിയപങ്കും എത്തുന്നത്.