ഇവിടുത്തെ സ്ത്രീകൾക്ക് ഇഷ്ടം വണ്ണമുള്ള പുരുഷൻമാരെ ,​ ഇവർക്ക് കഴിക്കാൻ നൽകുന്നത് പശുവിന്റെ പാലും രക്തവും,​ കാരണമെന്തെന്നറിയാമോ

Tuesday 27 February 2024 12:50 AM IST

പൊണ്ണത്തടിയൻമാരെ കല്യാണം കഴിക്കാൻ പൊതുവേ സ്ത്രീകൾ താത്പര്യം കാട്ടാറില്ല. എന്നാൽ, ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ ഗോത്ര വർഗമായ ബോദി സ്ത്രീകൾ അങ്ങനെയല്ല. തടിച്ച ശരീരവും വീതി കൂടിയ അരക്കെട്ടുമുള്ള പൊണ്ണത്തടിയൻമാരെയാണ് അവർക്കിഷ്ടം. ആ നാട്ടിലെ യുവാക്കൾക്ക് പൊണ്ണത്തടി സ്വപ്ന സാക്ഷാത്കാരമാണ്. ഏറ്റവും വലിയ പൊണ്ണത്തടിയനെ കണ്ടെത്താൻ ആ നാട്ടിൽ ഒരു മത്സരവുമുണ്ട്. മത്സരാർത്ഥികൾ പശുവിന്റെ പാലും രക്തവും കലർത്തിയ മിശ്രിതം മാത്രം കുടിച്ച് ആറ് മാസം കുടിലിനുള്ളിൽ താമസിക്കണം. ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂട്ടാനുള്ള മിശ്രിതമാണിത്.

സ്ത്രീകൾ കുടിലുകൾക്കുള്ളിൽ എത്തിക്കുന്ന മിശ്രിതം കുടിയ്ക്കാതെ ഛർദ്ദിച്ചു കളയാനും പാടില്ല. ഈ കാലയളവിൽ കുടിൽ വിട്ട് പുറത്തിറങ്ങാനും അനുവാദമില്ല. ആറ് മാസത്തിനുള്ളിൽ ഏറ്റവും കൂടുതൽ തടി വയ്ക്കുന്ന ആളാണ് മത്സരത്തിൽ വിജയിക്കുക. വിജയിക്കുന്നയാളിന് ഗോത്രവർഗക്കാരുടെ ഇടയിൽ ഹീറോ പരിവേഷമാണ്. ഇഷ്ടമുള്ള സുന്ദരികളേയും കെട്ടി സുഖമായി കഴിയാം.

പശുക്കളെ പവിത്ര മൃഗമായാണ് കാണുന്നതിനാൽ കൊല്ലാതെ മൂർച്ചയുള്ള ഒരു ആയുധം ഉപയോഗിച്ച് ശരീരത്തിൽ ചെറിയ മുറിവുണ്ടാക്കിയാണ് രക്തം ശേഖരിയ്ക്കുന്നത്. ആവശ്യത്തിന് രക്തം ശേഖരിച്ച് കഴിഞ്ഞാൽ കളിമണ്ണ് കൊണ്ട് മുറിവ് അടയ്ക്കും. ആറ് മാസത്തെ അജ്ഞാത വാസത്തിന് ശേഷം പുരുഷന്മാർ മത്സരത്തിൽ പങ്കെടുക്കാൻ അവരുടെ കുടിലുകളിൽ നിന്നും പുറത്തിറങ്ങും. ശരീരത്തിൽ കളിമണ്ണോ ചാരമോ പൂശിയാണ് എത്തുക. ഏറ്റവും വലിയ തടിയനെ കണ്ടെത്തുന്നതോടെ പുതുവത്സര ചടങ്ങുകൾ അവസാനിയ്ക്കും.

Advertisement
Advertisement