ഗഗൻയാൻ യാത്രികർ നാലുപേരും വിഎസ്‌എസ്‌സിയിൽ; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അൽപ്പസമയത്തിനുള്ളിൽ

Tuesday 27 February 2024 10:44 AM IST

തിരുവനന്തപുരം: ഗഗൻയാൻ പദ്ധതിയിൽ ബഹിരാകാശത്തേക്ക് പോകുന്ന നാല് യാത്രികരും വിഎസ്‌എസ്‌സിയിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ നാലുപേരുടെയും പേരുകൾ പ്രഖ്യാപിക്കുന്നത്. ശേഷം ഉച്ചയ്‌ക്ക് 12 മണിയോടെ സെൻട്രൽ സ്റ്റേഡിയത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപനച്ചടങ്ങിലും മോദി പങ്കെടുക്കും. രാവിലെ 10.55ഓടെയാണ് മോദി തിരുവനന്തപുരത്തെത്തിയത്.

ഗഗൻയാൻ യാത്രികരിൽ ഒരാൾ മലയാളിയെന്നാണ് സൂചന നേരത്തേ പുറത്തുവന്നിരുന്നു. ഇദ്ദേഹം വ്യോമസേനയിലെ സ്‌ക്വാഡ്രൺ ലീഡറായുള്ള ഉദ്യോഗസ്ഥനാണെന്നാണ് വിവരം. ഗഗൻയാൻ പദ്ധതിക്കായി തിരുവനന്തപുരത്തും തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലും ഒരുക്കിയ 1800 കോടിയുടെ നവീന സംവിധാനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ പരിപാടികൾക്ക് ശേഷം ഉച്ച കഴിഞ്ഞ് കോയമ്പത്തൂരിലെത്തുന്ന മോദി, 2.45ന് തിരുപ്പൂരിലെ ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കും. നാലു മണിയോടെ ഹെലികോപ്‌ടറിൽ മധുരയിലേക്ക് പോകുന്ന മോദി, ചെറുകിട ഇടത്തരം വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കും. ഇന്ന് രാത്രി മധുരയിൽ തങ്ങിയ ശേഷം നാളെ തൂത്തുകുടിയിലും തിരുനെൽവേലിയിലും പരിപാടികളിൽ സംബന്ധിക്കും. ഈ വർഷം മൂന്നാം തവണയാണ് മോദി തമിഴ്നാട്ടിൽ എത്തുന്നത്.

നാളെ ഉച്ചയോടെ തിരുനെൽവേലിയിൽ നിന്ന് ഹെലികോപ്‌ടർ മാർഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 1.15ന് മഹാരാഷ്ട്രയിലേക്ക് പോകും.തമിഴ്നാട്ടിൽ 17,300 കോടിയുടെയും മഹാരാഷ്ട്രയിൽ 4,400 കോടിയുടെയും പദ്ധതികൾക്കും മോദി തുടക്കമിടും.