വാനോളം   ഉയരത്തിൽ  മലയാളി, ഗഗൻയാൻ ദൗത്യ തലവനായി  പ്രശാന്ത് ബാലകൃഷ്ണൻ നായർ, പേരുകൾ പ്രഖ്യാപിച്ചു

Tuesday 27 February 2024 12:24 PM IST

തിരുവനന്തപുരം: ഗഗൻയാൻ യാത്രാ സംഘ തലവനായി മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത്, നാഷനൽ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പഠനശേഷം 1999 ജൂണിലാണ് സേനയിൽ ചേർന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ് അദ്ദേഹം.ബഹിരാകാശത്തേക്ക് പോകുന്ന നാല് യാത്രികരിൽ ഒരാൾ മലയാളിയാണെന്നും അത് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണെന്നും നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. അംഗത് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാൻശു ശുക്ല എന്നിവരാണ് മറ്റ് സംഘാംഗങ്ങൾ.

വിഎസ്എസ്​സിയിൽ നടന്ന ചടങ്ങിലാണ് പേരുകൾ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയെ കൂടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, ഐഎസ്‌ആർഒ ചെയ‌ർമാൻ എസ് സോമനാഥ് എന്നിവർ സംസാരിച്ചു. സംഘാംഗങ്ങളെ മോദി കൈയടിച്ച് അഭിനന്ദിക്കുകയും ചെയ്തു.

' ഇവർ നാല് യാത്രികരല്ല, നാല് ശക്തികളാണ്. കോടിക്കണക്കിന് ജനങ്ങൾക്ക് പ്രചോദനമാകുന്ന നാല് ശക്തികൾ. രാജ്യത്തിന്റെ പേരിൽ ഇവർക്ക് ആശംസകൾ നേരുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ ഇവർ നാലുപേരുടെയും പേര് എഴുതിച്ചേർക്കപ്പെട്ടു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവർ കഠിനപരിശ്രമം നടത്തുന്നു. ആരോഗ്യമുള്ള മനസും ശരീരവും മിഷന് ആവശ്യമാണ്. രാജ്യം നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങൾ സെലിബ്രിറ്റികളായി മാറും.' - മോദി പറഞ്ഞു.

'ഗഗൻയാനിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിർമിച്ചതാണ്. ഗഗൻയാൻ ദൗത്യം ബഹിരാകാശ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും. ബഹിരാകാശ രംഗത്ത് വനിതകൾക്കും പ്രാധാന്യമുണ്ട്. വനിതാ ശാസ്ത്രജ്ഞരില്ലാതെ ഇത്തരം ദൗത്യങ്ങൾ നടത്താനാകില്ല. ഇനിയും നമ്മൾ ചന്ദ്രനിലേക്ക് പോകും. ചന്ദ്രനിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് ഭൂമിയിലേക്ക് വരും. 2035ൽ ഇന്ത്യയുടെ സ്‌പേസ് സ്റ്റേഷൻ ഉണ്ടാകും. ഭാരതത്തിന്റെ സ്വന്തം റോക്കറ്റിൽ ഭാരതീയർ ചന്ദ്രന്റെ മണ്ണിലിറങ്ങും.' - മോദി കൂട്ടിച്ചേർത്തു.