കൊടും ചൂട് ; പഴം വിപണിയിൽ തീവില, തണ്ണീർപ്പന്തലുകളില്ല
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 38 ഡിഗ്രി ചൂടായിരുന്നു. കൊടും ചൂടിൽ ഇരുചക്ര വാഹനയാത്രക്കാരും വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളും ഏറെ വലഞ്ഞു. ഒാട്ടോറിക്ഷ ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും ചൂടിനെ ശപിക്കുന്നത് കാണാമായിരുന്നു. കുടിവെള്ള വിൽപ്പന സ്റ്റാളുകൾക്ക് മുന്നിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. അതേസമയം കാലാവസ്ഥ വകുപ്പിന്റെ ഒൗദ്യോഗിക കണക്കുകളിൽ ജില്ല ഉൾപ്പെടാത്തതിനാൽ മുൻകരുതൽ പ്രവർത്തനങ്ങളോ ജാഗ്രതാ നിർദേശങ്ങളോ ഫലപ്രദമല്ല. കനത്ത വെയിലിലും പണിയെടുക്കാൻ നിർബന്ധിതരാകുകയാണ് പലരും. ചൂടേറ്റ് ശരീരം പൊള്ളി ആശുപത്രികളിൽ ചികിത്സ തേടിയവരുമുണ്ട്. ചൂട് പ്രതിരോധത്തിനുള്ള മാർഗങ്ങൾ ഫലപ്രദമാകാത്തതാണ് കാരണം. മുൻവർഷങ്ങളിൽ സന്നദ്ധസംഘടനകൾ പൊതുയിടങ്ങളിൽ തണ്ണീർപ്പന്തലുകൾ ഒരുക്കിയിരുന്നു. ഇത്തവണ അതുമുണ്ടായില്ല. ചൂട് കാലത്ത് ഏറെ വെള്ളവും പഴവർഗങ്ങളും കഴിക്കണമെന്ന് മുന്നറിയിപ്പുകളുണ്ടെങ്കിലും മാർക്കറ്റിൽ ലഭ്യമായ പഴങ്ങളുടെ വില കേട്ടാൽ ആരുമൊന്ന് മടിക്കും. ശീതള പാനീയ വിപണിയും വില വർദ്ധനവിന്റെ പിടിയിലാണ്.
പൊള്ളുന്ന പഴം വിപണി
ആവശ്യക്കാർ ഏറിയതും ലഭ്യതക്കുറവും പഴ വിപണിയിൽ വില വർദ്ധനവിന് കാരണമായി. ആപ്പിളിനും മുന്തിരിയ്ക്കും വില ഇരട്ടിയിലധികം വർദ്ധിച്ചു. ഊട്ടി, മൈസൂർ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പഴങ്ങൾ എത്തുന്നത്.
മാതള നാരങ്ങായ്ക്ക് 100 മുതൽ 120 രൂപ വരെ ആയിരുന്നു വില. ഇപ്പോൾ 200 രൂപയായി ഉയർന്നു. തണ്ണിമത്തനും വില കൂടിയിട്ടുണ്ട്.
വിലവിവരം [കിലോയ്ക്ക് ]
ആപ്പിൾ : 260 ₹
ഓറഞ്ച് : 100 ₹
മുന്തിരി : 180 ₹
പേരയ്ക്ക : 260₹
മാതളം : 200 ₹
മൊസമ്പി : 160 ₹
ഡ്രാഗൺ ഫ്രൂട്ട് : 100 ₹
തണ്ണിമത്തൻ : 40 ₹
നാരങ്ങായ്ക്ക് 125, വെള്ളത്തിന് 25
ഒരു കിലോ നാരങ്ങയ്ക്ക് 125 രൂപയാണ് വിപണി വില. നാരങ്ങാ വെള്ളത്തിന് 25 രൂപയും. ഫ്രഷ് ജ്യൂസുകൾക്ക് 75 രൂപ മുതൽ മുകളിലേക്കാണ് വില.
തേങ്ങയ്ക്ക് കിലോ 40, ഇളനീർ ഒന്നിന് 50
തേങ്ങ ഒരു കിലോയ്ക്ക് 40 രൂപയാണെങ്കിൽ ഇളനീർ ഒരെണ്ണത്തിന് 50 രൂപയാണ് വില. തമിഴ് നാട്ടിൽ നിന്നുള്ള ഇളനീർ സംഘങ്ങൾ വഴിയോരത്തെ ആശ്വാസമാണ്.
കുപ്പിവെള്ളം പൊള്ളും
കുപ്പിവെള്ളത്തിന് ഒരു ലിറ്ററിന് 20 രൂപയാണ് വില. സപ്ളൈകോ ഒൗട്ട് ലെറ്റുകളിൽ 13 രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കുമെങ്കിലും പൊതുവിപണിയെയാണ് പലരും ആശ്രയിക്കുന്നത്. ഗാർഹിക ആവശ്യങ്ങൾക്ക് വലിയ വില നൽകി ടാങ്കറിൽ വെള്ളം ഇറക്കുകയാണ് മലയോര നിവാസികൾ. വാട്ടർ അതോറിട്ടിയുടെ വെള്ളം ആഴ്ചയിൽ ഒരുദിവസം മാത്രമാണ് ലഭിക്കുക.
ടാങ്കർ വെള്ളത്തിന്റ വില
3000 ലിറ്റർ : 750 രൂപ.
തണ്ണീർപ്പന്തലുകൾ തുടങ്ങിയില്ല
കഴിഞ്ഞ വേനൽക്കാലങ്ങളിൽ ജില്ലയിൽ 110 തണ്ണീർപ്പന്തലുകൾ സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. വിവിധ സന്നദ്ധസംഘടനകളും തണ്ണീർപ്പന്തലുകളുമായി സജീവമായിരുന്നു. തണ്ണിമത്തൻ ജ്യൂസ്, സംഭാരം, നാരങ്ങാവെള്ളം കുപ്പിവെള്ളം എന്നിവ സൗജന്യമായി വിതരണം ചെയ്തിരുന്നു. വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും ഇത് ഏറെ പ്രയോജനകരമായിരുന്നു.