ഓഫ് സ്ക്രീനിലെ 'ഡ്രൈവിംഗ് ലൈസൻസിൽ' സുരാജ് 'പ്രതിനായകൻ'

Wednesday 28 February 2024 4:09 AM IST

കൊച്ചി: സംഭവകഥ സിനിമയാകുന്നത് വലിയവാർത്തയല്ല. എന്നാൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ കഥപറഞ്ഞ 'ഡ്രൈവിംഗ് ലൈസൻസ്' സിനിമ ഏതാണ്ട് യഥാർത്ഥ്യമാകുന്ന സ്ഥിതിയാണിപ്പോൾ നടൻ സുരാജ് വെഞ്ഞാറമൂടിന്. താരത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള മോട്ടോർ വാഹനവകുപ്പിന്റെ നടപടിയാണ് ട്വിസ്റ്റായത്. രാത്രി സുരാജോടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിലാണ് നടപടി.

ലൈസൻസ് സസ്‌പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ സുരാജിന് കൂടുതൽ സാവകാശം നൽകിയിട്ടുണ്ട്. അപകടങ്ങൾ സൃഷ്ടിക്കുന്ന ഡ്രൈവർമാർക്ക് നിർബന്ധിത ബോധവത്കരണ ക്ലാസ് നൽകാറുണ്ട്. ഇതിന്റെ സർട്ടിഫിക്കറ്റുമായാണ് ഹിയറിംഗിന് ഹാജരാകേണ്ടത്. സുരാജ് ക്ലാസിലും പങ്കെടുത്തിട്ടില്ല. വിശദീകരണം തൃപ്തികരമാണെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നടപടികളിൽ ഇളവ് നൽകാനാകും. ലൈസൻസ് സസ്‌പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദ്ദേശിച്ച് എറണാകുളത്തെ മോട്ടോർ വാഹനവകുപ്പ് അധികൃതർ മൂന്നുതവണ നോട്ടീസ് നൽകിയിരുന്നു. ഇതിനൊന്നും മറുപടി നൽകിയിട്ടില്ല.

2023 ജൂലായ് 29ന് രാത്രി തമ്മനം - കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതുകാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും നാലുവിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തു. 2019ൽ ലാൽ ജൂനിയർ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിൽ കുരുവിള ജോസഫ് എന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായാണ് സുരാജ് എത്തിയത്.

പൃഥ്വിരാജ് അവതരിപ്പിച്ച ഹരീന്ദ്രൻ എന്ന സൂപ്പർതാരത്തിന്റെ കടുത്ത ആരാധകനായ കുരുവിളയ്ക്ക് ചില പ്രത്യേകസാഹചര്യത്തിൽ ആരാധന എതിർപ്പും വിദ്വേഷവുമായി മാറുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം. ലൈസൻസെടുക്കാൻ എത്തുന്ന ഹരീന്ദ്രനെ ടെസ്റ്റിൽ പലട്ടം തോൽപ്പിക്കുന്നതും ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യങ്ങൾ ചോദിച്ച് കുഴപ്പിക്കുന്ന സീനുകളും സിനിമയിലുണ്ട്.