ബി.സി.സി.ഐയുടെ വിരട്ടൽ ഏറ്റു, അയ്യർ രഞ്ജി കളിക്കും

Tuesday 27 February 2024 11:16 PM IST

മുംബയ് : രഞ്ജി ട്രോഫിയിൽ കളിക്കാത്തവരെ ഇനിമുതൽ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കേണ്ടെന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ കർക്കശനിലപാട് വന്നതോടെ രഞ്ജി ട്രോഫിയിൽ കളിക്കാൻ സമ്മതമറിയിച്ച് ഇന്ത്യൻ താരം ശ്രേയസ് അയ്യർ. ഇംഗ്ളണ്ടുമായുള്ള രണ്ടാം ടെസ്റ്റിന് ശേഷം ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ അയ്യർ മുംബയ്‌ക്ക് വേണ്ടി രഞ്ജി ട്രോഫിയിൽ കളിക്കാൻ തയ്യാറായിരുന്നില്ല. നടുവേുനയിൽ നിന്ന് പൂർണമായും മോചിതനാകാത്തതിനാലാണ് രഞ്ജി കളിക്കാത്തത് എന്ന് അയ്യർ അറിയിച്ചിരുന്നു. എന്നാൽ അടുത്ത മാസം തുടങ്ങുന്ന ഐ.പി.എല്ലിനുള്ള പരിശീലനം തുടങ്ങിയിരുന്നു.

നേരത്തേ മാനസിക പ്രശ്നങ്ങൾ പറഞ്ഞ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ഇന്ത്യൻ ടീമിൽ നിന്ന് മടങ്ങിയിരുന്ന ഇഷാൻ കിഷനും രഞ്ജി ട്രോഫി കളിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ബി.സി.സി.ഐ ആവശ്യപ്പെട്ടിട്ടും ഇഷാൻ വകവയ്ക്കാത്തതിന്റെ പിന്നാലെ യായിരുന്നു അയ്യരുടെ അനുസരണക്കേടും. അയ്യരും ഐ.പി.എല്ലിൽ കളിക്കാനാണ് താത്പര്യപ്പെട്ടത്. ഇതോടെയാണ് രഞ്ജി കളിക്കുന്നവർ മതി ഇനി ഇന്ത്യൻ ടീമിലെന്ന കർശന നിലപാട് ബി.സി.സി.ഐ സ്വീകരിച്ചത്.

ബി.സിസി.ഐ നിലപാട് കടുപ്പിച്ചതോടെ രഞ്ജി ട്രോഫി സെമിഫൈനൽ കളിക്കാൻ തയ്യാറാണെന്ന് മുംബയ് ക്രിക്കറ്റ് അസോസിയേഷനെ അറിയിക്കുകയായിരുന്നു. മാർച്ച് രണ്ടിന് തുടങ്ങുന്ന സെമിയിൽ തമിഴ്നാടിനെയാണ് മുംബയ് നേരിടുന്നത്. തന്റെ പരിക്ക് ഭേദമായെന്നാണ് അയ്യർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Advertisement
Advertisement