അങ്കണവാടി കെട്ടിടത്തിനായി മന്ത്രിക്ക് നിവേദനം നൽകി കുരുന്നുകൾ

Wednesday 28 February 2024 12:38 AM IST

ശാസ്താംകോട്ട: അങ്കണവാടിക്ക് കെട്ടിടം പണിത് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുരുന്നുകൾ മന്ത്രി മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. നിവേദനം സ്വീകരിച്ച മന്ത്രി അനുഭാവപൂർവം നടപടി സ്വീകരിക്കാമെന്ന് ഉറപ്പും നൽകി. മൈനാഗപ്പള്ളി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്ക് മൈനാഗപ്പള്ളി 60-ാം നമ്പർ അങ്കണവാടിയിലെ കുട്ടികളാണ് നിവേദനം നൽകിയത്. 23 വർഷത്തിലധികമായി അങ്കണവാടി പബ്ലിക് മാർക്കറ്റിലെ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി കൂറ്റൻ ഓവർ ഹെഡ് ടാങ്ക് നിർമ്മിക്കാൻ ഇവിടെ സ്ഥലം കണ്ടെത്തിയതോടെ 4 വർഷം മുമ്പ് അങ്കണവാടിയുടെ സ്ഥലവും വിട്ട് കൊടുക്കേണ്ടി വന്നു. അന്ന് മുതൽ അങ്കണവാടി സമീപത്തെ വിപണിയുടെ കെട്ടിടത്തിലെ ഒറ്റ മുറിയിലാണ് പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ കുട്ടികളും ജീവനക്കാരും വലയുകയാണ്. സമീപത്ത് തന്നെ മഹിളാ സമാജത്തിന്റെ സ്ഥലം ഉണ്ട്. ഇവിടെ കെട്ടിടം പണിത് അങ്കണവാടി മെച്ചപ്പെട്ട നിലയിൽ പ്രവർത്തിപ്പിക്കാൻ കഴിയും. ഈ ആവശ്യം ഉന്നയിച്ചാണ് കുട്ടികൾ നിവേദനം നൽകിയത്.