കൊല്ലം ബീച്ചിൽ ആദ്യമായി കടലാമ മുട്ടയിട്ടു
കടലാമ എത്തിയത് ഇന്നലെ രാത്രി 9.45ന്
മുട്ടകൾ - 112
കരയിൽ തങ്ങിയത് - 1 മണിക്കൂർ വിരിയാൻ വേണ്ടത് - 45-70 ദിവസം
കൊല്ലം: സഞ്ചാരികളുടെ തിരക്കുള്ള കൊല്ലം ബീച്ചിൽ ആദ്യമായി കടലാമ മുട്ടയിട്ടു. ഇന്നലെ രാത്രി 9.45 ഓടെ ബീച്ചിലെ മണൽത്തിട്ടയിലാണ് കടലാമ മുട്ടയിട്ടത്. ബീച്ചിലെത്തിയവരാണ് സംഭവം ആദ്യം കണ്ടത്.
സാധാരണ ആളനക്കമില്ലാത്ത സ്ഥലങ്ങളിലാണ് കടലാമ മുട്ടയിടാറുള്ളത്. ബീച്ചിന്റെ ഇരുഭാഗത്തുനിന്നും അഞ്ഞൂറ് മീറ്റർ മാറി കടലാമകൾ മുട്ടയിടാൻ എത്താറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു മണിക്കൂറിലേറെ സമയമെടുത്താണ് കടലാമ മുട്ടയിട്ട് തിരികെ കടലിലേയ്ക്ക് മടങ്ങിയത്.
മണൽ വകഞ്ഞുമാറ്റിയുണ്ടാക്കുന്ന കുഴിയിൽ മുട്ടയിട്ടശേഷം ഇവ കടലിലേക്ക് മടങ്ങുമെങ്കിലും മുട്ട വിരിയുന്നതുവരെ പരിസരത്ത് കാണും. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവന്ന് സ്വയം കടലിലേക്ക് പോകും.
എന്നാൽ ബീച്ചിൽ തെരുവുനായ ശല്യമുള്ളത് മുട്ടയ്ക്ക് ഭീഷണിയാണ്. അതിനാൽ നാട്ടുകാർ വനംവകുപ്പിനെയും പൊലീസിനെയും വിവരം അറിയിച്ചു. പത്തുമണിയോടെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കടലാമ തിരികെ പോകുന്നതുവരെ കാത്തുനിന്ന ശേഷമാണ് മുട്ടകൾ ശേഖരിച്ചത്. മുട്ടയിട്ട ഭാഗത്തുനിന്ന് ഇരുന്നൂറ് മീറ്റർ കരയിലേയ്ക്ക് മാറി തിരയടിക്കാത്ത ഭാഗത്ത് കുഴിയെടുത്താണ് മുട്ടകൾ വിരിയാൻ സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ വേലികെട്ടി തിരിച്ചു. സോഷ്യൽ ഫോറസ്ട്രിയുടെ നേതൃത്വത്തിൽ ഇരുപത്തിന്നാല് മണിക്കൂറും സുരക്ഷയും ഒരുക്കി. ഒലീവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട ആമയാണ് മുട്ടയിട്ടത്. ഈ വിഭാഗത്തിലെ ആമകൾ 126 മുട്ടകൾ വരെയിടാറുണ്ട്. കാലാവസ്ഥ അനുസരിച്ച് 45 മുതൽ 70 ദിവസം വരെ വേണ്ടിവരും മുട്ട വിരിയാൻ.