രാഹുലിനെ നൽഗൊണ്ടയിലേക്ക് ക്ഷണിച്ച് തെലങ്കാന കോൺഗ്രസ്

Wednesday 28 February 2024 1:01 AM IST

ഹൈദരാബാദ്: രാഹുൽഗാന്ധി തെലങ്കാനായിലെ നൽഗൊണ്ട മണ്ഡലത്തിൽ മത്സരിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ കോൺഗ്രസ് ഘടകം ദേശീയ നേതൃത്വത്തെ സമീപിച്ചു. കോൺഗ്രസിന്റെ ഉറച്ച മണ്ഡലമായ ഇവിടെ ഏഴ് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആറിടത്തും വിജയം കോൺഗ്രസിനായിരുന്നു. ഈ അനുകൂല ഘടകങ്ങൾ നിരത്തിയാണ് രാഹുലിനെ ക്ഷണിക്കുന്നത്. രാഹുൽ സിറ്റിംഗ് സീറ്റായ വയനാട്ടിൽ മത്സരിക്കുന്നതിലും അന്തിമ തീരുമാനമായിട്ടില്ല.

നേരത്തെ തെലങ്കാന കോൺഗ്രസ് കമ്മിറ്റി, സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തെലങ്കാനയിൽ മത്സരിക്കണമെന്ന പ്രമേയം പാസാക്കി എ.ഐ.സി.സിക്ക് അയച്ചിരുന്നു. സോണിയാ ഗാന്ധിയെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേരിട്ടെത്തി ക്ഷണിക്കുകയും ചെയ്തു. ഖമ്മം സീറ്റാണ് സോണിയക്ക് കണ്ടുവച്ചത്. സോണിയ രാജ്യസഭയിൽ എത്തുമെന്ന് ഉറപ്പായതോടെയാണ് രാഹുലിനെ സമീപിക്കാൻ തീരുമാനിച്ചത്.

പി.സി.സി മുൻ പ്രസിഡന്റ് ഉത്തംകുമാർ റെഡ്ഡിയാണ് കഴിഞ്ഞ തിര‌ഞ്ഞെടുപ്പിൽ നൽഗൊണ്ടയിൽ ജയിച്ചത്. 17 സീറ്റുള്ള തെലങ്കാനയിൽ കോൺഗ്രസിന് കഴിഞ്ഞ തവണ ലഭിച്ച് മൂന്നു സീറ്റുകളിൽ ഒന്നാണ് നൽഗൊണ്ട.

കഴിഞ്ഞ തവണ കോൺഗ്രസിലെ രേണുകാ ചൗധരി ബി.ആർ.എസിലെ നമ്മ നാഗേശ്വരറാവുവിനോട് പരാജയപ്പെട്ട മണ്ഡലമാണ് ഖമ്മം. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി 2019ൽ ജയിച്ച മൽക്കാജ്ഗിരി മണ്ഡലം കോൺഗ്രസിന് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽക്കാജ്ഗിരിയിലെ ഉപ്പൽ മണ്ഡലം ഒഴികെ എല്ലാ മണ്ഡലങ്ങളിലും ജയിച്ചത് ബി.ആർ.എസ് ആണ്.

Advertisement
Advertisement