സംസ്ഥാനത്ത് ഇന്നും ചൂട് കടുക്കും, വിവിധ ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരും, മഴ ലക്ഷണമില്ല

Wednesday 28 February 2024 7:04 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ഉയർന്ന ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട്. ജനങ്ങൾ മുൻകരുതലുകളും ജാഗ്രതയും പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിക്കുന്നു. മാർച്ച് രണ്ടുവരെ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് മഴ മുന്നറിയിപ്പില്ല.

ഇന്ന് കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം, തെക്കൻ തമിഴ് നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയെന്നും ജാഗ്രതാ നിർദേശമുണ്ട്.

Advertisement
Advertisement