മുള്ളൻകൊല്ലിയെ വിറപ്പിച്ച കടുവയ്ക്ക് തൃശൂർ മൃഗശാലയിൽ പുനരധിവാസം; നടപടി പല്ലുപോയി ഇരപിടിക്കാനാകാത്തതിനാൽ

Wednesday 28 February 2024 8:37 AM IST

തൃശൂർ: കഴിഞ്ഞ ഒരുമാസമായി പുൽപ്പള്ളിക്കടുത്തുള്ള മുള്ളൻകൊല്ലിയെ വിറപ്പിച്ച കടുവയ്ക്ക് ഇനി തൃശൂർ മൃഗശാലയിൽ പുനരധിവാസം. WWL-127 എന്ന ആൺ കടുവ കഴിഞ്ഞദിവസം വാടാനക്കവലയിൽ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയിരുന്നു. പല്ലുകൾ നഷ്ടപ്പെട്ട കടുവയ്ക്ക് ഇര പിടിക്കാൻ പ്രയാസമുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണ് പുനരധിവാസകേന്ദ്രത്തിലേയ്ക്ക് മാറ്റാൻ തീരുമാനമായത്. ഇത്തരത്തിൽ തൃശൂരിലേയ്ക്ക് മാറ്റുന്ന മൂന്നാമത്തെ കടുവയാണിത്.

നേരത്തെ വയനാട്ടിൽ കെണിയിലായ മൂടക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയും കൊളഗപ്പാറയിലെ സൗത്ത് വയനാട് ഒമ്പതാമനെയും പുത്തൂരീലേയ്ക്ക് താമസം മാറ്റിയിരുന്നു. WWL-127 എന്ന കടുവയെ 2020- 21 വർഷങ്ങളിൽ കർണാടകയിലെ നാഗർഹോളെ നാഷണൽ പാർക്കിൽ നിന്ന് ക്യാമറാ ട്രാപ്പിൽ ലഭിച്ചിട്ടുള്ളതാണ്. കടുവയെ പിടികൂടുന്നതിനായി പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കൂടുകൾ സ്ഥാപിച്ചിരുന്നു. നിരവധി വളർത്തുമൃഗങ്ങളെയാണ് ഈ കടുവ ഭക്ഷിച്ചത്. മറ്റൊരു കടുവയുടെ ആക്രമണത്തിൽ പല്ലുപോയതെന്നാണ് നിരീക്ഷണം. ഇതിനുപിന്നാലെ ഇരപിടിത്തം ജനവാസമേഖലയിലേയ്ക്ക് മാറ്റുകയായിരുന്നു.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് കടുവ കൂട്ടിൽ കുടുങ്ങിയത്. കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിൽ വിശദമായ ആരോഗ്യ പരിശോധനയ്ക്ക് ശേഷം ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുനരധിവാസത്തിനായി ഉത്തരവിടുകയായിരുന്നു.

Advertisement
Advertisement