ലീഗിന് ഇത്തവണയും രണ്ട് സീറ്റുകൾ മാത്രം; രാജ്യസഭാ സീറ്റ് നൽകുമെന്ന് ധാരണ

Wednesday 28 February 2024 11:06 AM IST

തിരുവനന്തപുരം: മുസ്ലീം ലീഗിന് ഇത്തവണയും രണ്ട് സീറ്റുകൾ മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചിട്ടുണ്ട്. അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് നൽകുമെന്നും ഫോർമുല അവർ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യു ഡി എഫിൽ സീറ്റ് വിഭജനം പൂർത്തിയായി. മലപ്പുറത്തും പൊന്നാനിയിലും ലീഗ് മത്സരിക്കും. കോൺഗ്രസ് നേതാക്കളെല്ലാം പരസ്‌പരം കൂടിയാലോചിച്ച ശേഷം എടുത്ത തീരുമാനമാണ്. ഇതിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരവുമുണ്ട്. - സതീശൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് എപ്പോഴാണെന്ന് പോലും പ്രഖ്യാപിച്ചിട്ടില്ലല്ലോ. അഞ്ച് ദിവസം മുമ്പാണ് എൽ ഡി എഫ് ചർച്ച പൂർത്തിയാക്കിയത്. കോൺഗ്രസിൽ മാർച്ച് ആദ്യവാരം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. അക്കാര്യത്തിൽ കൃത്യമായ ധാരണയുണ്ടെന്നും സതീശൻ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ മൂന്നാംസീറ്റ് വേണമെന്ന് മുസ്ലിം ലീഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ ചർച്ചയിലാണ് ഇപ്പോൾ യോജിപ്പിലെത്തിയിരിക്കുന്നത്. എംപിമാരായ ഇ ടി മുഹമ്മദ് ബഷീറും അബ്ദുൽ സമദാനിയുമാണ് ലീഗിൽ നിന്ന് മത്സരിക്കുന്നത്. അബ്ദുൽ സമദാനി മലപ്പുറം എംപിയാണ്. എന്നാൽ ഇ ടി മുഹമ്മദ് ബഷീറിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഈ സീറ്റ് അദ്ദേഹത്തിന് നൽകിയേക്കും. പകരം അബ്ദുൾ സമദാനി പൊന്നാനിയിൽ മത്സരിക്കും.

Advertisement
Advertisement