ശ്വാസനാളിയിൽ  എന്തോ  കയറിപ്പോയെന്ന്  55കാരന് സംശയം; പരിശോധിച്ചപ്പോൾ കണ്ടത്  നാല് സെന്റിമീറ്ററോളം നീളമുള്ള പാറ്റ

Wednesday 28 February 2024 12:53 PM IST

കൊച്ചി: കടുത്ത ശ്വാസതടസവുമായി എത്തിയ 55കാരന്റെ ശ്വാസകോശത്തിൽ പാറ്റയെ കണ്ടെത്തി. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് സംഭവം. ഇയാളുടെ ശ്വാസകോശത്തിൽ നിന്ന് ഡോക്‌ടർമാർ നീക്കിയ പാറ്റക്ക് നാല് സെന്റിമീറ്ററോളം നീളമുണ്ടെന്നാണ് കരുതുന്നത്. ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് 55കാരന്റെ ഇടത്തേ ശ്വാസകോശത്തിൽ നിന്ന് പാറ്റയെ നീക്കം ചെയ്തത്.

ശ്വസന സംബന്ധമായ തകരാരുള്ള രോഗിക്ക് ഓക്സിജൻ നൽകുന്നതിനായി കഴുത്ത് തുളച്ച് ട്യൂബ് ഇട്ടിരുന്നു. ഇതിലൂടെയാവാം പാറ്റ ശ്വാസകോശത്തിലെത്തിയതെന്നാണ് ഡോക്ടർമാർ പറയുന്നത്. ശ്വാസനാളിയിൽ എന്തോ കയറിപ്പോയെന്ന് രോഗിക്ക് തോന്നിരുന്നു. പിന്നാലെ ശ്വാസതടസം രൂക്ഷമായി. എക്സ് റേ എടുത്ത് നോക്കിയെങ്കിലും അസ്വഭാവികമായെന്നും കണ്ടില്ല.

പിന്നാലെ ഇഎൻടി വിഭാഗം ബ്രോങ്കോസ്‌പി നടത്തിയാണ് ശ്വാസകോശത്തിൽ പാറ്റയെ കണ്ടെത്തിയത്. തുടർന്ന് ഇന്റർവെൻഷണൽ പൾമണോളജി വിഭാഗത്തിലെ മെഡിക്കൽ സംഘം രോഗിയെ പരിശോധിക്കുകയും പാറ്റയെ പുറത്തെടുക്കുകയും ചെയ്തു. 55കാരൻ ഇപ്പോൾ ആശുപത്രി വിട്ടതായി ഡോക്ടർമാർ വ്യക്തമാക്കി. ശ്വസന സഹായത്തിനായി ഇട്ട ട്യൂബ് അടയ്ക്കാൻ മറന്ന് പോവുകയോ മറ്റോ ചെയ്തതാവാം ഇത്തരമൊരു സംഭവത്തിന് കാരണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.