റിലയൻസ് - ഡിസ്‌നി ഇന്ത്യ ലയനം; നിത അംബാനി തലപ്പത്തേക്കെന്ന് റിപ്പോർട്ട്

Wednesday 28 February 2024 2:30 PM IST

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസും വാൾട്ട് ഡിസ്‌നി ഇന്ത്യയും തമ്മിലുള്ള ലയനം യാഥാർത്ഥ്യമാകുമ്പോൾ തലപ്പത്ത് നിത അംബാനി. റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി കമ്പനിയുടെ ചെയർപേഴ്സണാകുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ. ഇത് സംബന്ധിച്ച് ഇന്ന് വെെകുന്നേരത്തോടെ പ്രഖ്യാപനമുണ്ടാക്കുമെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റിലയൻസ് ഇൻഡസ്ട്രീസിന്റെ ബോർഡിൽ നിന്ന് നിതാ അംബനി രാജിവച്ചശേഷം കൂടുതലും ജീവകാരുണ്യ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ ചെലുത്തിയിരുന്നത്. മുംബയിലെ കൾച്ചറൽ സെന്ററിന്റെ സ്ഥാപക കൂടിയാണ് നിത അംബാനി.

ഇന്ത്യൻ മാദ്ധ്യമരംഗത്തെ ഏറ്റവും വലിയ ലയനമാണ് നടക്കുന്നത്. നിത അംബാനിയെ അദ്ധ്യക്ഷയായി നിയമിച്ചാൽ അത് രാജ്യത്തെ മാദ്ധ്യമരംഗത്ത് അംബാനി കുടുംബത്തിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ പ്രതിഫലിപ്പിക്കും. ഡിസ്നിയെ സംബന്ധിച്ച് ഈ ലയനം ഒരു സുപ്രധാന മാറ്റത്തെ പ്രതിനിധീകരിക്കുന്നു. അടുത്തിടെ ഡിസ്നിയിൽ വരുമാനം കുറഞ്ഞതിനെ തുടർന്ന് ചില വെല്ലുവിളികൾ നേരിട്ടിരുന്നു.

റിയലൻസിനും ഡിസ്നിക്കും ഓരോ സ്ട്രീമിംഗ് സേവനവും 120 ടെലിവിഷൻ ചാനലുകളും ഉണ്ട്. ഈ കരാർ യാഥാർത്ഥ്യമാകുമ്പോൾ ഇന്ത്യയുടെ 28 ബില്യൺ ഡോളറിന്റെ മീഡിയ - വിനോദ വിപണിയിൽ റിലയൻസിന്റെ ശക്തി കൂടും.