കുടിശിക 15കോടി അനുവദിച്ചു; ഡ്രൈവിംഗ് ലൈസന്‍സ്, ആര്‍.സി അച്ചടി പുനരാരംഭിക്കും; ആര്‍.ടി ഓഫീസ് വഴി വിതരണം ചെയ്‌തേക്കും
തിരുവനന്തപുരം: അച്ചടിക്കൂലി കുടിശികയായ 15 കോടി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചതോടെ നാലുമാസമായി മുടങ്ങിക്കിടക്കുന്ന ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അച്ചടി പുനരാരംഭിക്കും. അച്ചടിക്കരാർ ഏറ്റെടുത്ത ബംഗളൂരുവിലെ ഐ.ടി.ഐ ലിമിറ്റഡ് (8.66 കോടി), സി ഡിറ്റ് എന്നിവയ്ക്കാണ് കുടിശിക നൽകുന്നത്. കുടിശിക കിട്ടാത്തതിനാൽ ലൈസൻസ്, ആർ.സി അച്ചടിയും വിതരണവും മുടങ്ങിയത് 'കേരളകൗമുദി' കഴിഞ്ഞ ആറിന് റിപ്പോർട്ട് ചെയ്തിരുന്നു.
അച്ചടി മുടങ്ങിയതോടെ ലൈസൻസിനും ആർ.സി ബുക്കിനുമായി സംസ്ഥാനത്ത് കാത്തിരിക്കുന്നത് ഏഴരലക്ഷം പേരാണ്. ആർ.സി കിട്ടാത്തതിനാൽ ടെസ്റ്റ്, പെർമിറ്റ്, വാഹനകൈമാറ്റമടക്കം മുടങ്ങിയിരുന്നു. സംസ്ഥാനത്ത് ദിവസം 5000 പുതിയ വാഹനങ്ങളാണ് രജിസ്റ്റർ ചെയ്യുന്നത്. 3500ഒാളം പേർക്ക് ലൈസൻസ് നടപടികളും പൂർത്തിയാക്കുന്നു. 2023 ആഗസ്റ്റ് മുതൽ ഡിസംബർവരെയാണ് ബംഗളൂരു ഐ.ടി.ഐയ്ക്ക് 8.66 കോടി കുടിശികയുള്ളത്.
അതേസമയം, തപാൽ വകുപ്പിനുള്ള കുടിശികയിൽ തീരുമാനമാകാത്തതിനാൽ തപാൽവഴി ലൈസൻസ്, ആർ.സി വിതരണം തത്കാലം നടക്കാനിടയില്ല. ഈ പ്രതിസന്ധി ഒഴിവാക്കാൻ
അതത് ആർ.ടി ഓഫീസുകളിലൂടെ നേരിട്ട് വിതരണം ചെയ്യാനാണ് ആലോചന. തിരിച്ചറിയൽ കാർഡ് കാണിച്ച് ലൈസൻസ്/ ആർ.സി കൈപ്പറ്റാം. ഏജന്റ് വഴി വിതരണം ചെയ്യില്ല.
അച്ചടി സർക്കാരിന് ലാഭം
ഡിജിറ്റൽ കോപ്പികൾ സ്വീകരിക്കുന്നതിന് ചട്ടഭേദഗതി വരുത്തിയാൽ അച്ചടിക്കുന്ന പ്രശ്നം പരിഹരിക്കാം. എന്നാൽ ലൈസൻസ്/ ആർ.സി അച്ചടിച്ച് നൽകുന്നതാണ് സർക്കാരിന് ലാഭം. 60 രൂപയ്ക്ക് അച്ചടിക്കുന്ന കാർഡിന് 200 രൂപയാണ് ഈടാക്കുന്നത്. ദിവസം 30,000 കാർഡുകൾ വേണം. ഇതിലൂടെ മാസം 60 ലക്ഷം രൂപ ഖജനാവിൽ എത്തും. ചെലവ് 18 ലക്ഷം മാത്രം.