എസ്.എസ്.എൽ.സി: ഗൾഫിലടക്കം 2,971 പരീക്ഷാ കേന്ദ്രങ്ങൾ
പരീക്ഷാഫലം മേയ് രണ്ടാം വാരം
തിരുവനന്തപുരം: എസ്.എസ്.എൽ.സിക്ക് കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികൾ പരീക്ഷ എഴുതുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ 2,955, ഗൾഫ് മേഖലയിൽ 7, ലക്ഷദ്വീപിൽ 9 എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങൾ. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 4നും ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 1നും ആരംഭിക്കും. പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരുടെ നിയമനം നടത്തിയിട്ടുണ്ട്. ചോദ്യപേപ്പറുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെത്തിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ 29ന് സോർട്ടിംഗ് പൂർത്തീകരിച്ച് ട്രഷറികളിലും ബാങ്കുകളിലും എത്തിക്കും. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം മേയ് രണ്ടാം വാരം പ്രസിദ്ധീകരിക്കും. പരീക്ഷാ നടപടികൾ പരിശോധിക്കാൻ സംസ്ഥാന, ജില്ലാതല സ്‌ക്വാഡുകൾക്ക് രൂപം നൽകിയിട്ടുണ്ട്. ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്‌കൂളുകളിൽ വാച്ച്മാനെ നിയോഗിക്കുന്നതിനും, സി.സി ടി.വി ക്യാമറ, ഡബിൾ ലോക്ക് സംവിധാനം, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഉത്തരക്കടലാസുകൾ സ്‌കൂളുകളിൽ എത്തിച്ചിട്ടുണ്ട്. സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ അപേക്ഷകളിൻമേൽ സമയബന്ധിതമായ തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
എസ്.എസ്.എൽ.സി
പരീക്ഷ എഴുതുന്നവർ (റഗുലർ വിഭാഗം)- 4,27,105 പ്രൈവറ്റ്- 118 ആൺകുട്ടികൾ - 2,17,525 പെൺകുട്ടികൾ- 2,09,580 മലയാളം മീഡിയം-1,67,772 ഇംഗ്ലീഷ് മീഡിയം- 2,56,135 ഗൾഫ് മേഖല- 536 ലക്ഷദ്വീപ് -285 മൂല്യനിർണ്ണയം - ഏപ്രിൽ 3 മുതൽ
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രം- തിരൂരങ്ങാടി പി.കെ.എം.എം.എച്ച്.എസ് എടരിക്കോട് (2085) ഏറ്റവും കുറവ് വിദ്യാർത്ഥികൾ - മൂവാറ്റുപുഴ എൻ.എസ്.എസ്.എച്ച്.എസ്, തിരുവല്ല ഗവൺമെന്റ് എച്ച്.എസ് കുട്ടൂർ, ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണൽ എച്ച്.എസ്, എടനാട് എൻ.എസ്.എസ് എച്ച്.എസ്. (ഓരോ വിദ്യാർത്ഥി വീതം)
ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ മാർച്ച് 1- 26 ഒന്നാം വർഷം പരീക്ഷ എഴുതുന്നത് - 4,14,159 രണ്ടാം വർഷം പരീക്ഷ എഴുതുന്നത് - 4,41,213 പരീക്ഷാ കേന്ദ്രങ്ങൾ - 2017 മൂല്യനിർണ്ണയം - ഏപ്രിൽ 1 മുതൽ
വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തിയറി പരീക്ഷ മാർച്ച് 1- 26 ഒന്നാം വർഷ പരീക്ഷ എഴുതുന്നത് - 27,770 രണ്ടാം വർഷ പരീക്ഷ എഴുതുന്നത്- 29,337