നീതി സ്റ്റോറിൽ മരുന്നിന് 70% വരെ വില കുറയ്ക്കും

Thursday 29 February 2024 1:25 AM IST

കൊച്ചി: രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കൺസ്യൂമർഫെഡിന് കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറുകളിൽ ബ്രാൻഡഡ്, ജനറിക് മരുന്നുകൾക്ക് 16 മുതൽ 70 ശതമാനംവരെ വിലകുറയ്ക്കും. നീതി മെഡിക്കൽ സ്റ്റോറുകളുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് മാർച്ച് മൂന്നുമുതൽ നിലവിൽ വരും. കൺസ്യൂമർഫെഡിന്റെ പുതിയ വിലനിർണയ നയപ്രകാരമാണിതെന്ന് ചെയർമാൻ എം.മെഹബൂബ് അറിയിച്ചു.

സാധാരണക്കാർക്ക് ഏറെ ആശ്വാസമാകുന്നതാണ് തീരുമാനം. വിലകുറയ്ക്കുന്നതോടെ വില്പനയിൽ വർദ്ധനയുണ്ടാകുന്നത് നീതി സ്റ്റോറുകളുടെ നിലനിൽപ്പിനും സഹായകമാകും. രജതജൂബിലി ആഘോഷം മാർച്ച് മൂന്നിന് വൈകിട്ട് നാലിന് അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡയാലിസിസ്, കാൻസർ രോഗികൾക്ക് കുറഞ്ഞ നിരക്കിൽ മരുന്നു ലഭ്യമാക്കുന്ന പദ്ധതിക്കും അന്ന് തുടക്കം കുറിക്കും.

സഹകരണ സംഘങ്ങൾ നടത്തുന്ന 1,164, കൺസ്യൂമർഫെഡ് നേരിട്ട് നടത്തുന്ന 74 എണ്ണം ഉൾപ്പെടെ സംസ്ഥാനത്ത് 1238 നീതി മെഡിക്കൽ സ്റ്റോറുകളുണ്ട്. ഇത് 1500 എണ്ണമായി വർദ്ധിപ്പിക്കും. പിണറായി വിജയൻ സഹകരണ മന്ത്രിയായിരിക്കെ 1998ലാണ് കൺസ്യൂമർഫെഡിന് കീഴിൽ നീതി മെഡിക്കൽ സ്‌കീം നടപ്പാക്കിയത്.

വിറ്റുവരവ് 600 കോടി ലക്ഷ്യം

നീതി മെഡിക്കൽ സ്റ്റോറുകളുടെ പ്രതിവർഷ വിറ്റുവരവ് 300 കോടിയിൽ നിന്ന് 600 ആക്കുകയാണ് കൺസ്യൂമർഫെഡിന്റെ ലക്ഷ്യം. മരുന്നുകളുടെ കവറുകൾ സ്വന്തമായി നിർമ്മിക്കും.


നീതി മെഡിക്കൽസിന്റെ 25-ാം വർഷത്തിൽ കൂടുതൽ സ്റ്റോറുകൾ ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.
-എം.മെഹബൂബ്,
ചെയർമാൻ,
കൺസ്യൂമർഫെഡ്‌