റിസർവ് ബാങ്ക് നിലപാട് തള്ളി; മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവച്ച് ഹൈക്കോടതി

Thursday 29 February 2024 12:00 PM IST

കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവച്ച് ഹൈക്കോടതി. നേരത്തെ നടപടി ശരിവച്ച് സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരായ റിസർവ് ബാങ്ക് നിലപാടും, ലീഗ്‌ മുൻ എം എൽ എ, യു ഡി എഫ് അനുകൂലമായ ചില പ്രാഥമിക ബാങ്കുകളുടെ പ്രസിഡന്റുമാർ എന്നിവർ നൽകിയ ഹർജികളും ഹൈക്കോടതി തള്ളി.

സഹകരണ നിയമത്തിലെ ഭേദഗതി അസാധുവാക്കണമെന്നായിരുന്നു റിസർവ് ബാങ്കിന്റെ വാദം. എന്നാൽ ലയനത്തിന് കേവല ഭൂരിപക്ഷം മതിയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ലയനത്തിന് അനുമതി നൽകിയിട്ടും പിന്നെന്തിനാണ് എതിർക്കുന്നതെന്നും കോടതി ചോദിച്ചു.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ലയനത്തിനായി സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി കേന്ദ്ര ബാങ്കിംഗ് നിയന്ത്രണ നിയമത്തിലെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാർ നേരത്തെ വാദിച്ചത്. റിസർവ് ബാങ്കുമായി കൂടിയാലോചിച്ചാണ് നടപടികൾ സ്വീകരിച്ചതെന്നും സംസ്ഥാനങ്ങൾക്ക് നിയമം പാസാക്കാൻ അധികാരമുള്ള വിഷയത്തിൽ കേന്ദ്ര നിയമത്തിന്റെ സാധുത പരിഗണിക്കേണ്ടതില്ലെന്നും സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.