പി ജയരാജൻ വധശ്രമക്കേസ്; ഒരാളൊഴികെ ആർഎസ്‌എസുകാരായ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടു

Thursday 29 February 2024 2:36 PM IST

കൊച്ചി: സിപിഎം നേതാവ് പി ജയരാജൻ വധശ്രമക്കേസിൽ ഒരാളെയൊഴികെ മറ്റെല്ലാ പ്രതികളെയും വെറുതെവിട്ട് കോടതി. കേസിലെ രണ്ടാംപ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെയുള്ള എട്ട് പ്രതികളെയാണ് ഹൈക്കോടതി വെറുതെവിട്ടത്. പ്രതികളും സർക്കാരും സമർപ്പിച്ച അപ്പീൽ പരിഗണിച്ച് ജസ്റ്റിസ് പത്മരാജനാണ് വിധി പറഞ്ഞത്.

1999 ഓഗസ്റ്റ് 25ന് തിരുവോണ നാളിൽ പി ജയരാജനെ വീട്ടിൽക്കയറി വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ആർ എസ് എസ് ജില്ലാ, താലൂക്ക് കാര്യവാഹക് ഉൾപ്പെടെയുള്ളവരായിരുന്നു കേസിലെ പ്രതികൾ.

പ്രതികളായ കടിച്ചേരി അജി, മനോജ്, പാര ശശി, എളംതോട്ടത്തിൽ മനോജ്, കുനിയിൽ സനൂബ്, ജയപ്രകാശൻ, കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനൻ എന്നിവരെയാണ് വെറുതെവിട്ടത്. രണ്ടാം പ്രതിയായ പ്രശാന്ത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വധശ്രമത്തിനടക്കം പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. കേസിൽ വിചാരണക്കോടതി മുൻപ് ആറുപേരെ ശിക്ഷിച്ചിരുന്നു.