വിധി സർക്കാരിന് തള്ളാം, പല്ല് പോയ ലോകായുക്ത ഇനി ജുഡിഷ്യൽ കമ്മിഷൻ പോലെ
തിരുവനന്തപുരം: പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് വിധിക്കാനുള്ള അധികാരം നിയമഭേദഗതിയിലൂടെ ഇല്ലാതാക്കിയതോടെ, ലോകായുക്ത ജുഡിഷ്യൽ അന്വേഷണ കമ്മിഷന്റെ നിലവാരത്തിലാവും. ജുഡിഷ്യൽ കമ്മിഷൻ ശുപാർശകൾ സർക്കാരിന് തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം.
ആരോപണം തെളിയുകയും പദവിയിൽ തുടരാൻ പാടില്ലെന്ന് ലോകായുക്ത ഉത്തരവിടുകയും ചെയ്താൽ പൊതുസേവകർ ഉടൻ രാജിവയ്ക്കണമെന്ന പതിന്നാലാം വകുപ്പാണ് ഭേദഗതി ചെയ്തത്. ലോകായുക്തയുടെ ഇത്തരം ഉത്തരവുകൾ മുഖ്യമന്ത്രിക്കും നിയമസഭയ്‌ക്കും സ്പീക്കർക്കും തള്ളാം. ലോകായുക്തയുടെ ജുഡിഷ്യൽ ഉത്തരവിന്റെ ശരിയും തെറ്റും ഭരണസംവിധാനത്തിന് തീരുമാനിക്കാം എന്ന് വരും. ഇതോടെ സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി മുൻ ചീഫ്ജസ്റ്റിസോ തലവനും ഹൈക്കോടതിയിലെ രണ്ട് മുൻ ജഡ്ജിമാർ അംഗങ്ങളുമായ അർദ്ധജുഡിഷ്യൽ അധികാരമുള്ള ലോകായുക്തയുടെ നീതിനിർവഹണം അട്ടിമറിക്കപ്പെടാൻ കളമൊരുങ്ങി.
ലോകായുക്തയ്ക്ക് ഭരണഘടനാ സംവിധാനങ്ങളെ അയോഗ്യമാക്കാനാവില്ലെന്ന വ്യവസ്ഥയാണ് ഒഴിവാക്കുന്നതെന്നും ഇങ്ങനെയൊരു വ്യവസ്ഥ ലോകത്തെങ്ങും ഇല്ലെന്നുമാണ് സർക്കാർ ന്യായം. മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലെന്ന് പറഞ്ഞ് ഭൂപരിഷ്‌കരണ നിയമം ഇല്ലാതാക്കുമോ എന്നാണ് പ്രതിപക്ഷത്തിന്റെ മറുചോദ്യം. ദുരിതാശ്വാസ നിധി ദുർവിനിയോഗക്കേസിൽ മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത ഉത്തരവുണ്ടായാലും നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ മറികടക്കാം. സർക്കാരിനെതിരായ കേസിൽ സർക്കാർ തന്നെ വിധിപറയുന്ന സാഹചര്യമുണ്ടാവുമെന്നും പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ആയുധമാക്കുമെന്നും ആശങ്കയുമുണ്ട്.
പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും അഴിമതി, സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം തുടങ്ങിയ പരാതികളിൽ സർക്കാരിന്റെ അനുമതിയില്ലാതെ കേസെടുക്കാനാവുന്ന ഏകസംവിധാനമാണ് ലോകായുക്ത. വിജിലൻസിനും വിജിലൻസ് കോടതിക്കുമെല്ലാം സർക്കാർ അനുമതിവേണം.
ഹൈക്കോടതി ജഡ്ജി മതി
ഭേദഗതിപ്രകാരം ലോകായുക്തയാവാൻ സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി മുൻചീഫ് ജസ്റ്റിസോ വേണ്ട. ഹൈക്കോടതി ജഡ്ജി മതി.
ലോകായുക്തയിലെ ജഡ്ജിമാർക്ക് പ്രായപരിധി ഇല്ലായിരുന്നു. ഭേദഗതിയിലൂടെ 70വയസാക്കി.
നിലവിലെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് മാർച്ചിലും ഉപലോകയുക്ത ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് ഏപ്രിലിലും വിരമിക്കും .
റിട്ട.ഹൈക്കോടതി ജസ്റ്റിസ് ഷാജി.പി.ചാലിയെ അടുത്ത ലോകായുക്തയാക്കും
പുനഃപരിശോധന ഇങ്ങനെ
മുഖ്യമന്ത്രിക്കെതിരായ വിധി-----------നിയമസഭ
മന്ത്രിമാർക്കെതിരായ വിധി----------- മുഖ്യമന്ത്രി
എം.എൽ.എക്കെതിരായ വിധി--------സ്‌പീക്കർ
4.08കോടി
ലോകായുക്തയുടെ ഓഫീസിന് വർഷം സർക്കാർ ചെലവിടുന്നത്
56.68 ലക്ഷം
ലോകായുക്തയുടെയും ഉപലോകായുക്തമാരുടെയും വാർഷിക ശമ്പളം
ലോകായുക്തയിലെ കേസുകൾ കുറഞ്ഞു
2018------ 1578
2019-------1057
2020-------205
2021------- 227
2022-------305
2023-------236