നിരക്ക് ഏകീകരണം അപ്രായോഗികം: സ്വകാര്യ ആശുപത്രി ഉടമകൾ കേസിൽ കക്ഷിചേരും

Friday 01 March 2024 4:28 AM IST

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നത് തടയാൻ നിരക്ക് ഏകീകരണത്തിന് കേന്ദ്രത്തിന് സുപ്രീംകോടതി നിർദ്ദേശം നൽകിയ സാഹചര്യത്തിൽ കേസിൽ കക്ഷി ചേരാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷന്റെ തീരുമാനം. നിരക്ക് ഏകീകരണം അപ്രായോഗികമാണെന്ന് സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടും. വ്യത്യസ്തമായ ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികളുടെ നിരക്ക് ഏകീകരിച്ചാൽ സ്ഥാപനങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതിയുണ്ടാകും. ആരോഗ്യരംഗത്ത് രാജ്യത്ത് മുൻനിരയിലുള്ള കേരളത്തിന്റെ സാഹചര്യം ഉൾപ്പെടെ വിശദീകരിച്ച് ചികിത്സാനിരക്ക് ഏകീകരണത്തിലെ അപ്രായോഗികത കോടതിയെ അറിയിക്കും.

സംസ്ഥാന ആരോഗ്യവകുപ്പും വിഷയത്തിൽ സുപ്രീംകോടതിയുടെ തുടർനടപടികൾ കാത്തിരിക്കുകയാണ്. കേസിൽ സംസ്ഥാനവും കക്ഷിചേർന്ന് നിലപാട് അറിയിക്കണമെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിരക്ക് ഏകീകരിക്കാനുള്ള ശ്രമങ്ങൾ 2016ൽ നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഏകീകരണത്തിലെ അപ്രായോഗികത ഉൾപ്പെടെ ചർച്ചയായതോടെയാണിത്.

''ആശുപത്രികളുടെ നിലനിൽപ്പിന്റെ പ്രശ്നം സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്തും

-ഹുസൈൻ കോയ തങ്ങൾ, പ്രസിഡന്റ്,

കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോ.

''ഗൗരവകരമായ വിഷയമാണിത്. കോടതി നി‌ർദ്ദേശങ്ങൾ നിരീക്ഷിച്ച്, കൂടിയാലോചന നടത്തി തീരുമാനമെടുക്കും

-എ.പി.എം.മുഹമ്മദ് ഹനീഷ്,

ആരോഗ്യവകുപ്പ് സെക്രട്ടറി

Advertisement
Advertisement