ഒളിമ്പിക്സ് വില്ലേജ് തുറന്നു
പാരീസ് : ഒളിമ്പിക് കായിക മഹാമഹത്തിന് 147 ദിവസം കൂടി ശേഷിക്കേ കായിക താരങ്ങൾക്കും ഒഫിഷ്യൽസിനും ഗെയിംസ് വേളയിൽ താമസിക്കാനുള്ള ഒളിമ്പിക് വില്ലേജ് സംഘാടകർ ഉദ്ഘാടനം ചെയ്തു. ഇന്നലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി തലവൻ ടോണി എസ്റ്റാംഗേ പ്രതീകാത്മക താക്കോൽ ഏറ്റുവാങ്ങി.
വിവിധ നിലകളുള്ള 40 ടവറുകൾ അടങ്ങുന്നതാണ് ഗെയിംസ് വില്ലേജ്. അടുത്ത നാലുമാസം കൊണ്ട് വില്ലേജിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ ഒരുക്കും. ജൂലായ് 18 മുതൽ കായിക താരങ്ങൾക്ക് ഗെയിംസിൽ താമസം അനുവദിച്ചുതുടങ്ങും. കായിക താരങ്ങൾക്ക് പരിശീലനത്തിനുള്ള സൗരക്യങ്ങളും ജിംനേഷ്യവും 24 മണിക്കൂറും പ്രവർത്തിക്കുന്ന റസ്റ്ററന്റും വില്ലേജിലുണ്ട്.
52 ഹെക്ടർ സ്ഥലത്ത് 6000കോടിയോളം രൂപ ചെലവിട്ടാണ് ഫ്രാൻസ് ഒളിമ്പിക് വില്ലേജ് നിർമ്മിച്ചിരിക്കുന്നത്. ഒളിമ്പിക്സിനും പാരാലിമ്പിക്സിനും ശേഷം ഇതിൽ മൂന്നിലൊന്ന് അപ്പാർട്ട്മെന്റുകളും ജനങ്ങൾക്ക് വിൽക്കും. മൂന്നിലൊന്ന് പൊതുകെട്ടിടങ്ങളായി ഉപയോഗിക്കും. മൂന്നിലൊന്ന് വിദ്യാർത്ഥികൾക്ക് വാടകയ്ക്ക് നൽകും എന്നാണ് ഫ്രഞ്ച് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ജൂലായ് 26നാണ് പാരീസിൽ 33-ാമത് ഒളിമ്പിക്സിന് കൊടിയേറുന്നത്. ആഗസ്റ്റ് 11നാണ് സമാപനം.