സി.പി.എം- സംഘപരിവാർ ഒത്തുതീർപ്പ് :വി.ഡി. സതീശൻ

Friday 01 March 2024 12:53 AM IST

തിരുവനന്തപുരം: ലോകായുക്ത ബിൽ രാഷ്ട്രപതി ഒപ്പു വച്ചതിന് പിന്നിൽ സി.പി.എം- സംഘപരിവാർ ഒത്തുതീർപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ അണ്ണൻ- തമ്പി ബന്ധമാണുള്ളത്. ലോകായുക്ത ബില്ലിൽ രാഷ്ട്രപതി ഒപ്പു വച്ചതോടെ കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്റെ നടുവൊടിഞ്ഞു. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും എതിരായ അഴിമതി അന്വേഷിക്കണമെങ്കിൽ മുൻകൂർ അനുമതി വേണമെന്ന നിബന്ധന ഉൾപ്പെടുത്തിയുള്ള 17 എ വകുപ്പ് കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തതോടെ അഴിമതി നിരോധന നിയമം ദുർബലമായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ച് ലോകായുക്തയെ ദുർബലപ്പെടുത്തുന്ന ഭേദഗതിയാണ് കേരള സർക്കാർ കൊണ്ടുവന്നത്. നവംബർ 28 ന് രാഷ്ട്രപതിക്ക് അയച്ച ബിൽ ഇത്രയും വേഗത്തിൽ പാസാക്കി തിരിച്ചയച്ചത് അദ്ഭുതകരമാണ്.

വയനാട് പൂക്കോട് വെറ്റനറി കോളജിൽ നടന്ന സംഭവത്തിലെടുത്ത കേസിലെ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണ്. അറസ്റ്റ് ചെയ്യാതെ എസ്.എഫ്.ഐ നേതാക്കൾക്ക് ജാമ്യം കിട്ടുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നു. ക്രൂരമായ റാഗിങും ആക്രമണവും നടന്നിട്ടും ഇത് മറച്ചു വച്ച ഡീൻ ഉൾപ്പെടെയുള്ള അദ്ധ്യാപകരെയും പ്രതികളാക്കി നടപടി എടുത്തില്ലെങ്കിൽ ഇവരെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് സതീശൻ പറഞ്ഞു.

Advertisement
Advertisement