ആലപ്പുഴയെ സസ്പെൻസിലേക്ക് വിട്ട് കോൺഗ്രസ്

Friday 01 March 2024 12:55 AM IST

ആലപ്പുഴ: മറ്രെല്ലാ മണ്ഡലങ്ങളിലും സിറ്റിംഗ് എം.പിമാരെ മത്സരിപ്പിക്കാനാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടെങ്കിലും കഴിഞ്ഞതവണ കൈവിട്ട ആലപ്പുഴ തിരിച്ചുപിടിക്കാൻ ആരെന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല.

എ.ഐ.സി.സിയുടേതാണ് അവസാന വാക്കെന്നാണ് നേതാക്കളുടെ മറുപടി.

ആലപ്പുഴയിൽ സ്ഥാനാർത്ഥികളുടെ പേര് ഒന്നും സ്‌ക്രീനിംഗ് കമ്മിറ്റി നിർദ്ദേശിച്ചിട്ടില്ല. സീറ്റ് പിടിച്ചെടുക്കാനായി മുൻ എം.പി കൂടിയായ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മത്സരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. പാർട്ടി നിർദ്ദേശിച്ചാൽ മത്സരിക്കാൻ സന്നദ്ധമാണെന്ന് വേണുഗോപാൽ സൂചിപ്പിക്കുകയും ചെയ്തു.

എന്നാൽ, രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ മത്സരവുമായി ബന്ധപ്പെടുത്തിയാകും അന്തിമ തീരുമാനം. രാഹുൽ വയനാട്ടിൽ മത്സരത്തിനെത്തിയാൽ കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കാനുള്ള സാദ്ധ്യത കുറവാണ്. സ്ഥാനാർത്ഥി നിർണയത്തിൽ സമുദായസമവാക്യങ്ങൾ പാലിക്കാൻ കഴിയാത്തതിന്റെ പേരിലുള്ള ആശയക്കുഴപ്പവും ആലപ്പുഴയിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തെ ബാധിച്ചിട്ടുണ്ട്. നിലവിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ മുസ്ളിംസമുദായത്തിൽ നിന്ന് ആർക്കും പ്രാതിനിദ്ധ്യമില്ല. ആലപ്പുഴയിൽ നിന്ന് നൽകിയ പട്ടികയിൽ മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ എ.എ. ഷുക്കൂർ, കെ.സി വേണുഗോപാൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ പേരുകളാണുള്ളത്. ആലപ്പുഴയിൽ നിർണായക ശക്തിയായ ഈഴവസമുദായത്തിന് പട്ടികയിൽ പ്രാതിനിധ്യം ഇല്ലാത്തതും ചർച്ചയായിട്ടുണ്ട്. വക്കംപുരുഷോത്തമൻ, വി.എം. സുധീരൻ തുടങ്ങിയവരെ തുടർച്ചയായി വിജയിപ്പിച്ച ആലപ്പുഴ മണ്ഡലത്തിൽ വി.എം. സുധീരന്റെ തോൽവിക്ക് ശേഷം ഒരു ഈഴവ സ്ഥാനാർത്ഥിയെ ലോക്സഭയിലേക്ക് മത്സരിപ്പിച്ചിട്ടില്ല. വയനാട്ടിൽ രാഹുൽ മത്സരിക്കാതിരിക്കുകയും അവിടെ മുസ്ളിം സ്ഥാനാർത്ഥിയെ പരിഗണിക്കുകയും ചെയ്യുന്നതിനനുസരിച്ചാകും ആലപ്പുഴയിലെ അന്തിമ തീരുമാനം.