കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം: തീരുമാനം വൈകുന്നു

Friday 01 March 2024 12:58 AM IST

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം വൈകുന്നു. മത്സരിക്കാൻ താൽപര്യമില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിലും ആവർത്തിച്ചെങ്കിലും കണ്ണൂരടക്കം 15 ഇടങ്ങളിൽ സിറ്റിംഗ് എം.പിമാരുടെ ഒറ്റ പേരുൾപ്പെടുത്തിയാണ് സ്ഥാനാർത്ഥി പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൈമാറുന്നത്.

വയനാട്, ആലപ്പുഴ, കണ്ണൂർ മണ്ഡലങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാവും തീരുമാനമെടുക്കുക. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ മത്സരിക്കണമെന്നാണ് കെ.പി.സി.സിയും യു.ഡി.എഫും ആവശ്യപ്പെടുന്നത്. ഇതുവരെ അവിടെ മത്സരിക്കില്ലെന്ന നിലപാട് രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കണ്ണൂരിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ച സുധാകരൻ തനിക്ക് പകരം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ജയന്തിനെ മത്സരിപ്പിക്കണമെന്ന് ആവശ്യം ഉയർത്തുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിലെ പലർക്കും അതിനോട് യോജിപ്പില്ല. അവിടെ യൂത്ത് കോൺഗ്രസ് നേതാവായ വി.പി.അബ്ദുൾ റഷീദ്, അമൃത രാമകൃഷ്ണൻ എന്നിവരും പരിഗണനയിലുണ്ട്.

മവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളിൽ സിറ്റിംഗ് എം.പിമാർ മത്സരിച്ചാൽ ജയസാദ്ധ്യത കുറയുമെന്ന വാദവും ഉയരുന്നുണ്ട്. മണ്ഡലങ്ങളിൽ യഥാക്രമം അബിൻ വർക്കി, വി.പി.സജീന്ദ്രൻ എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ട്. ഹരീഷ് ചൗധരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്‌ക്രീനിംഗ് കമ്മറ്റി യോഗത്തിൽ അംഗങ്ങളായ ദീപദാസ് മുൻഷി, ജിഗ്‌നേഷ് മേവാനി, വി.ഡി.സതീശൻ, കെ.സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ പങ്കെടുക്കാൻ പ്രതിപക്ഷനേതാവും പാർട്ടി അദ്ധ്യക്ഷനും ഉടൻ ഡൽഹിക്ക് പോകും.