മോഹങ്ങൾ ബാക്കിവച്ച് പ്രിയപ്പെട്ടവൻ പോയി...
തിരുവനന്തപുരം: കഴിഞ്ഞ 12ന് ട്രൈബൽ മേഖലയിൽ ക്യാമ്പിന് പോയപ്പോൾ സിദ്ധാർത്ഥ് അമ്മ ഷീബയെ ഫോണിൽ വിളിച്ച് പറഞ്ഞു. " രണ്ടു വിശേഷമുണ്ടമ്മേ, ഞാൻ ഇഞ്ചക്ഷൻ എടുക്കാൻ പഠിച്ചു, കുറച്ച് കാട്ടുകുരുമുളകും കിട്ടി." 'നീ മനുഷ്യനെ കുത്തിവയ്‌ക്കാൻ പഠിച്ചോ 'തമാശയോടെ അമ്മ ചോദിച്ചപ്പോൾ കളിയാക്കല്ലേ, ഞാൻ ആടിനെ ഇൻജെക്ഷൻ എടുക്കാനാണ് പഠിച്ചതെന്നായി മറുപടി. കോളേജിൽ സീനിയർ- ജൂനിയർ വ്യത്യസമില്ലാതെ ഇഷ്ടമായിരുന്നു സിദ്ധാർത്ഥിനെയെന്ന് ഷീബ പറഞ്ഞു. ഫ്രോഗ് സർവെയറും സർവകലാശാലയുടെ ഫോട്ടോഗ്രാഫറുമായി തിരഞ്ഞെടുക്കപ്പെട്ടതിൽ സീനിയറായ ചിലരുടെ അമർഷവും അസൂയയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. കാമ്പസിൽ മദ്യവും മയക്കുമരുന്നും സ്ഥിരമാണെന്നും പഠനം കഴിഞ്ഞുപോയവർ കാമ്പസിലെത്തി ഇത് വിതരണം ചെയ്യാറുണ്ടെന്നും അമ്മയോട് സിദ്ധാർത്ഥ് പറഞ്ഞിട്ടുണ്ട്.
പി.ജി കഴിഞ്ഞ ശേഷം ഈ മേഖലയിൽ റിസർച്ച് ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് സിദ്ധാർത്ഥ് പറയുമായിരുന്നു. ഒപ്പം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ കൂടുതൽ മുന്നേറണം. പുതിയ ക്യാമറ വാങ്ങണം... ഒരുപാട് ആഗ്രഹങ്ങൾ ബാക്കിയാക്കിയാണ് സിദ്ധാർത്ഥ് പോയത്.