രാഷ്ട്രീയ ബന്ധം കണ്ടെത്താതെ പൊലീസ് !

Friday 01 March 2024 1:06 AM IST

കൽപ്പറ്റ: റാഗിംഗിനെത്തുടർന്നുള്ള ആത്മഹത്യയിൽ രാഷ്ട്രീയ ബന്ധം കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൽപ്പറ്റ ഡിവൈ.എസ്.പി സജീവൻ പറഞ്ഞു. ഒരു കൂട്ടം വിദ്യാർത്ഥികളാണ് അക്രമം നടത്തിയയത്. ബാഹ്യ ശക്തികളുടെ പ്രേരണയോ ഏതെങ്കിലും വിദ്യാർത്ഥി സംഘടനയുടെ ഇടപെടലോ ഉണ്ടായിട്ടില്ല. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 11പേരെ കൂടി പിടികിട്ടാനുണ്ട്. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തശേഷം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ആൾക്കൂട്ട വിചാരണ നടന്നിട്ടുണ്ട്. നിരവധി വിദ്യാർത്ഥികൾ കൂടി നിൽക്കെയാണ് അതിക്രൂരമായി സിദ്ധാർത്ഥിനെ ഒരു സംഘം മർദ്ദിച്ചത്. വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർത്ഥിനെ എറണാകുളത്ത് എത്തിയപ്പോൾ തിരികെ വിളിച്ചുവരുത്തിയ വിദ്യാർത്ഥി അറസ്റ്റിലായിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ രഹൻ ബിനോയാണ് അത്യാവശ്യ കാര്യമാണ്, തിരികെയെത്തണം എന്നാവശ്യപ്പെട്ട് സിദ്ധാർത്ഥിനെ വിളിച്ചുവരുത്തിയത്. പൊലീസ് അന്വേഷണത്തിൽ ഒരുതരത്തിലുള്ള വീഴ്ചയും വരുത്തിയിട്ടില്ല. പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ പോസ്റ്റുമോർട്ടം നടത്താവൂ എന്ന് തീരുമാനിച്ച് നടപടികൾ പൂർത്തിയാക്കി.