'പറയാതെ വയ്യ, ജാഗ്രതക്കുറവിന് കനത്ത വില നൽകേണ്ടി വരും'; ദേശീയഗാനം തെറ്റിച്ച് പാടിയ സംഭവത്തിൽ നേതാക്കളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്

Friday 01 March 2024 9:57 AM IST

മലപ്പുറം: കോൺഗ്രസിന്റെ സമരാഗ്നി പരിപാടിയുടെ സമാപന വേദിയിൽ ദേശീയഗാനം തെറ്റിച്ച് പാടിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

സ്റ്റേജും മെെക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കൾക്ക് വേണമെന്ന് ഹാരിസ് മുദൂർ കുറ്റപ്പെടുത്തി. സമൂഹമാദ്ധ്യമങ്ങൾ അരങ്ങ് വാഴുന്ന പുതുരാഷ്ട്രീയാന്തരീക്ഷത്തിൽ ജാഗ്രതക്കുറവിന് വലിയ വിലയാണ് നൽകേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആത്മവിശ്വാസവും പ്രാപ്തിയും കഴിവുമുള്ളവനെ ഒരുകുറ്റിയിലും തളച്ചിടാൻ കഴിയാത്ത സത്യമായി മാറികൊണ്ടിരിക്കുന്നതാണ് രാഷ്ട്രീയം. അല്ലാത്തവർ സ്റ്റേജിൽ താമസമാക്കിയും മൈക്കിന് മുന്നിൽ കിടന്നുറങ്ങിയും അഭ്യാസം തുടർന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം വിമർശിച്ചു.

തിരുവനന്തപുരത്ത് ഇന്നലെ വെെകിട്ട് അഞ്ച് മണിക്ക് നടന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപന വേദിയിലാണ് സംഭവം നടന്നത്. പരിപാടിയുടെ അവസാനം ഡിസിസി അദ്ധ്യക്ഷൻ പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടുകയായിരുന്നു. 'ജനഗണ മംഗള ദായക ജയഹേ' എന്ന് പാടിയാണ് പാലോട് രവി തുടങ്ങിയത്. ഉടന്‍ തന്നെ ടി സിദ്ദിഖ് എംഎല്‍എ മൈക്ക് പിടിച്ചുവാങ്ങി.‘അവിടെ സിഡി ഇട്ടോളും’ എന്ന് പറഞ്ഞ് രവിയെ മൈക്കിന് മുന്നിൽനിന്നും മാറ്റുകയായിരുന്നു. ശേഷം ഒരു വനിതാ നേതാവാണ് ദേശീയഗാനം പൂർത്തിയാക്കിയത്.

പോസ്റ്റിന്റെ പൂർണരൂപം

നേതൃത്വം എന്നത് ഒരുപാട് ചേരുവകൾ അടങ്ങിയതാണ്. പുതിയ കാലഘട്ടമാണന്ന് മനസ്സിലാക്കി അതിനനുസരിച്ച് പാകപ്പെടുത്തലുകളും നേതൃത്വത്തിലുള്ളവർ സ്വീകരിക്കേണ്ടതുണ്ട്.

സ്റ്റേജും മൈക്കുമൊന്നും പുതിയകാലഘട്ടത്തിലെ രാഷ്ട്രീയത്തിൽ പൊതുജനം വലിയസംഭവമാക്കിയെടുക്കുന്നില്ലെന്ന തിരിച്ചറിവ് നേതൃത്വത്തിന് അനിവാര്യമാണ്. സമൂഹമാധ്യമങ്ങൾ അരങ്ങ് വാഴുന്ന പുതുരാഷ്ട്രീയാന്തരീക്ഷത്തിൽ ജാഗ്രത കുറവിന് വലിയ വിലയാണ് നൽകേണ്ടിവരുന്നത്.

ശ്രീനിവാസൻ പറയുന്നത് പോലെ എന്റെ തല എൻെ ഫിഗർ കാലമൊക്കെ കാറ്റിൽ പറന്നുപോയിട്ടുണ്ട്, അറിവും ഇടപെടലും അവതരണവും വഴിയൊരുക്കുന്ന പുതുരാഷ്ട്രീയമാണ് ജനങ്ങളാഗ്രഹിക്കുന്നത്. ആത്മവിശ്വാസവും പ്രാപ്തിയും കഴിവുമുള്ളവനെ ഒരുകുറ്റിയിലും തളച്ചിടാൻ കഴിയാത്ത സത്യമായി മാറികൊണ്ടിരിക്കുന്നതാണ് രാഷ്ട്രീയം. അല്ലാത്തവർ സ്റ്റേജിൽ താമസമാക്കിയും മൈക്കിന് മുന്നിൽ കിടന്നുറങ്ങിയും അഭ്യാസം തുടർന്നുകൊണ്ടേയിരിക്കും.

പറയാതെ വയ്യ.

ഹാരിസ് മൂതൂർ.

Advertisement
Advertisement