"യുവാക്കൾക്ക് കേരളത്തിൽ ആക്രമണത്തിന് പരിശീലനം നൽകുന്നു, മുതിർന്ന നേതാക്കൾ കൂട്ടുനിൽക്കുന്നു"; സിദ്ധാർത്ഥിന്റെ വീട് സന്ദർശിച്ച് ഗവർണർ

Friday 01 March 2024 12:34 PM IST

തിരുവനന്തപുരം: ആത്മഹത്യ ചെയ്‌ത വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാതാപിതാക്കളെ സമാധാനിപ്പിച്ചു. കേരളത്തിൽ ഇത്തരം ആക്രമണങ്ങൾ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ചില കക്ഷികളാണ് അക്രമം പ്രോത്സാഹിപ്പിക്കുന്നത്. യുവാക്കൾക്ക് കേരളത്തിൽ ആക്രമണത്തിന് പരിശീലനം നൽകുന്നു. ഇത്തരം ആക്രമണങ്ങൾക്ക് മുതിർന്ന നേതാക്കൾ കൂട്ടുനിൽക്കുകയാണെന്നും ടി പി വധക്കേസ് ഇതിന് ഉദാഹരണമാണെന്നും ഗവർണർ ആരോപിച്ചു. എസ് എഫ് ഐയുടേത് ക്രൂരതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സിദ്ധാർത്ഥിന്റേത് കൊലപാതകമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എസ് എഫ് ഐ നടത്തിയ ആൾക്കൂട്ട കൊലയാണിത്. ഡീൻ എം കെ നാരായണന് നടന്നതെല്ലാം അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞമാസം 18നാണ് രണ്ടാം വർഷ ബി വി എസ് സി വിദ്യാർത്ഥി നെടുമങ്ങാട് വിനോദ് നഗർ കുന്നുംപുറത്ത് പവിത്രത്തിൽ സിദ്ധാർത്ഥിനെ (21) ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.