ദേശീയഗാനം തെറ്റിച്ച സംഭവം; പാലോട് രവിക്കെതിരെ പൊലീസിൽ പരാതി
തിരുവനന്തപുരം: ദേശീയഗാനം തെറ്റിച്ച് ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് നേതാവ് പാലോട് രവിക്കെതിരെ പരാതി. ദേശീയ ഗാനത്തെ അവഹേളിച്ചെന്ന് പറഞ്ഞാണ് ബിജെപി തിരുവനന്തപുരം ജില്ലാ വെെസ് പ്രസിഡന്റ് ആർഎസ് രാജീവ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്.
തിരുവനന്തപുരത്ത് ഇന്നലെ വെെകിട്ട് അഞ്ച് മണിക്ക് നടന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപന വേദിയിലാണ് സംഭവം നടന്നത്. പരിപാടിയുടെ അവസാനം ഡിസിസി അദ്ധ്യക്ഷൻ പാലോട് രവി ദേശീയഗാനം തെറ്റിച്ച് ആലപിക്കുകയായിരുന്നു. 'ജനഗണ മംഗള ദായക ജയഹേ' എന്ന് പാടിയാണ് പാലോട് രവി തുടങ്ങിയത്. ഉടന്‍ തന്നെ ടി സിദ്ദിഖ് എംഎല്‍എ മൈക്ക് പിടിച്ചുവാങ്ങി.‘അവിടെ സിഡി ഇട്ടോളും’ എന്ന് പറഞ്ഞ് രവിയെ മൈക്കിന് മുന്നിൽനിന്നും മാറ്റുകയായിരുന്നു. ശേഷം ഒരു വനിതാ നേതാവാണ് ദേശീയഗാനം പൂർത്തിയാക്കിയത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലോട് രവിക്കെതിരെ പരാതിയുമായി ബിജെപി നേതാവ് പൊലീസിനെ സമീപിച്ചത്.