ആശ്വാസമുണ്ട്; മറ്റുളള കാര്യങ്ങൾ നോക്കുന്നത് അഭിഭാഷകർ, നിമിഷപ്രിയയെ കാണാൻ യെമനിലേക്ക് പോകാനൊരുങ്ങി അമ്മ

Friday 01 March 2024 4:26 PM IST

കൊച്ചി: 'ആശ്വാസമുണ്ട്', മറ്റുളള കാര്യങ്ങളൊക്കെ അഭിഭാഷകരാണ് നോക്കുന്നതെന്ന് യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. നിമിഷപ്രിയയെ കാണാൻ യെമനിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ് പ്രേമകുമാരി. കഴിഞ്ഞയാഴ്ച ഇവർക്ക് വിസ ലഭിച്ചിരുന്നു. സന്നദ്ധ പ്രവർത്തകനായ സാമുവൽ ജെറോമും ഇവർക്കൊപ്പം യെമനിലേക്ക് പോകുന്നുണ്ട്.

മറ്റുകാര്യങ്ങളൊക്കെ നടക്കണമെന്നും പ്രേമകുമാരി പറഞ്ഞു. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ നേരിൽ കാണുകയെന്നതാണ് ഇവരുടെ ലക്ഷ്യം, ഈ കുടുംബം അനുവദിച്ചാൽ മാത്രമേ നിമിഷപ്രിയയെ യെമൻ ഭരണകൂടം ജയിൽ മോചിതയാക്കുകയുളളൂ. നിമിഷപ്രിയയും ഒരു സുഹൃത്തും ചേർന്ന് യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇത് സുപ്രീംകോടതിയും ശരിവച്ചിരുന്നു.ഈ സാഹചര്യത്തിലാണ് യെമൻ പൗരന്റെ കുടുംബത്തെ കാണുന്നതിനുളള പ്രേമകുമാരിയുടെ അപേക്ഷ ഡൽഹി ഹൈക്കോടതി അനുവദിച്ചത്.

വിസാ നടപടികൾ പൂർത്തിയായി. ഇനി ടിക്കറ്റ് എടുക്കണം. ഏത് വഴിക്കാണ് അവിടേക്ക് പോകേണ്ടത് എന്നത് സംബന്ധിച്ച് മുംബയിലെ ഒരു ട്രാവൽ ഏജൻസിയുമായി ചർച്ച നടത്തിവരികയാണ്. അത് തീരുമാനമായാൽ യാത്രാ തീയതി നിശ്ചയിക്കും. ഇന്ത്യൻ‍ എംബസിയും എല്ലാവരുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ പോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പ്രേമകുമാരിക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Advertisement
Advertisement