അഞ്ച് വർഷം കൊണ്ട് 18 ലക്ഷമാകും, നിക്ഷേപിക്കേണ്ടത് 25,000 രൂപ; ഈ പദ്ധതി നിങ്ങൾ അറിഞ്ഞില്ലെങ്കിൽ വലിയ നഷ്ടമാണ്

Friday 01 March 2024 4:44 PM IST

പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതികൾ എക്കാലവും സാധാരണക്കാർക്ക് അനുയോജ്യവും സ്വീകാര്യതയുള്ളതുമാണ്. ബാങ്കുകളെ ആശ്രയിക്കുന്നതിന് പകരം സാധാരണക്കാർ കൂടുതലും ആശ്രയിക്കുന്നത് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെയാണ്. എന്നാൽ പോസ്റ്റ് ഓഫീസിൽ ലഭ്യമായ സ്‌കീമുകളെ കുറിച്ചും നിക്ഷേപങ്ങളെ കുറിച്ചും ആർക്കും കൃത്യമായ ധാരണയില്ല. വളരെ ചുരുങ്ങിയ കാലം കൊണ്ട് മികച്ച നിക്ഷേപം ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്ന പോസ്റ്റ് ഓഫീസ് റെക്കറിംഗ് സ്‌കീം അല്ലെങ്കിൽ നാഷണൽ സേവിംഗ്സ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടിനെ കുറിച്ച് കൂടുതൽ അറിയാം.

പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തിൽ നിക്ഷേപം നോക്കുന്ന ആൾക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണിത്. 1,2,3,5 തുടങ്ങിയ കാലയളവുകളിൽ ഒരു നിശ്ചിത തുക അടയ്ക്കാനും മെച്യൂരിറ്റി കാലയളവിന് ശേഷം പിൻവലിക്കാനും ഈ പദ്ധതി ഉപയോക്താക്കളെ സഹായിക്കും. പ്രതിവർഷം 6.7 ശതമാനം പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം വാഗ്ദാനം ചെയ്യുന്നത്. ഈ സ്‌കീം ജോയിന്റ് അക്കൗണ്ടായി തുടങ്ങാനുള്ള അവസരം ഉപഭോക്താവിന് ലഭ്യമാകും.

100 രൂപയാണ് ഈ സ്‌കീമിലെ ഏറ്റവും കുറഞ്ഞ തുക. പത്ത് രൂപയുടെ ഗുണിതങ്ങളിൽ എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാൻ സാധിക്കും. കൂടാതെ ഉയർന്ന നിക്ഷേപ പരിധില്ലാത്ത സ്‌കീമുകളിൽ ഒന്നുകൂടിയാണിത്. പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടിനെ വേറിട്ടുനിർത്തുന്ന മറ്റൊരു കാര്യം വായ്പ സംവിധാനമാണ്. എല്ലാ മാസവും തുടർച്ചയായി ഒരു വർഷം നിക്ഷേപം പൂർത്തിയാക്കി കഴിഞ്ഞാൽ നിക്ഷേപ തുകയുടെ 50 ശതമാനം വായ്പയെടുക്കാൻ നിക്ഷേപകന് സാധിക്കും. അഞ്ച് വർഷമാണ് നിക്ഷേപം നടത്തേണ്ടതെങ്കിലും പിന്നീട് അഞ്ച് വർഷത്തേക്ക് കൂടി അക്കൗണ്ട് മുന്നോട്ട് കൊണ്ടുപോകാൻ നിക്ഷേപകന് സാധിക്കും.

ഇങ്ങനെ ഒരാൾ പ്രതിമാസം 25,000 രൂപ നിക്ഷേപിച്ചാൽ അഞ്ച് വർഷത്തെ മെച്യൂരിറ്റ് കാലയളവ് പൂർത്തിയാകുമ്പോൾ മൂന്ന് ലക്ഷത്തോളം രൂപ മാത്രം പലിശയിനത്തിൽ ഉപഭോക്താവിന് ലഭിക്കും. അഞ്ച് വർഷത്തെ നിക്ഷേപമാണ് തിരഞ്ഞെടുത്തതെങ്കിൽ ഒരാൾ 60 തവണകളിൽ പണം അടയ്ക്കണം. ഈ നിക്ഷേപം മാത്രം 15 ലക്ഷം രൂപയാക്കും. 6.7 ശതമാനം പലിശ നിരക്ക് കണക്കാക്കിയാൽ ഈ തുകയ്ക്ക് 2,84,146 രൂപ പലിശ ലഭിക്കും. അഞ്ച് വർഷത്തെ ലോക്ക് ഇൻ കാലയളവ് കഴിഞ്ഞാൽ ഉപയോക്താവിന് 17,84,146 രൂപ ആകെ തുകയായി ലഭിക്കും.